ഇന്ത്യൻ ടീമിലേക്ക് മൂന്ന് ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർമാരെ നിർദേശിച്ച് ഇർഫാൻ പത്താൻ ; ഇടത് എല്ലായ്പ്പോഴും ശരിയാണെന്ന് പത്താൻ

കഴിഞ്ഞ രണ്ട് ടി20 പരമ്പരകളിലും, ഇന്ത്യ അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാൻ തയ്യാറായി എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്. പ്രത്യേകിച്ച് ബൗളർമാർക്കിടയിൽ, ഏറ്റവും ഒടുവിൽ അവസാനിച്ച ശ്രീലങ്കയ്‌ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ നടന്ന പരമ്പരകളിൽ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്ത്യ അവസരങ്ങൾ നൽകിയിരുന്നു. ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവർ കഴിഞ്ഞ വർഷം മുതൽ ടീമിന്റെ ഫസ്റ്റ് ഇലവനിലെ സ്ഥിരാംഗങ്ങളായും മാറിയിരുന്നു.

കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന പരിമിത ഓവർ പര്യടനത്തിൽ, ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന ഇന്ത്യയുടെ ഭൂരിഭാഗം സീനിയർ താരങ്ങളും മാറിനിന്നപ്പോൾ, തികച്ചും അനുഭവപരിചയമില്ലാത്ത ഒരു സ്ക്വാഡുമായിയാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്തത്. ഇടംകൈയ്യൻ പേസർ ചേതൻ സക്കറിയയും അന്ന് ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ, അതിനുശേഷം, ടി20 ഫോർമാറ്റിൽ ഒരു ഇടങ്കയ്യൻ പേസർ ഇന്ത്യക്കായി കളിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.

ഇപ്പോഴിതാ, ഇന്ത്യയുടെ മുൻ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താൻ, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കുറഞ്ഞത് ഒരു ഇടങ്കയ്യൻ പേസറെങ്കിലും വേണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ സാധ്യതയുള്ള മൂന്ന് പേരുകളും പത്താൻ മുന്നോട്ട് വെക്കുന്നുണ്ട്.

“നിലവിൽ കളിക്കുന്ന ഇന്ത്യൻ ബൗളർമാർ ഇതിനകം തന്നെ ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള പേരുകൾക്കൊപ്പം ഞാൻ മറ്റൊരു പേര് ചേർക്കാൻ ആഗ്രഹിക്കുന്നു. ഒരു ഇടങ്കയ്യൻ ബൗളറുടെ പേര്, അത് ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നടത്തുന്ന ആരുവേണമെങ്കിലും ആകാം, ഖലീൽ അഹമ്മദ്, നടരാജൻ അല്ലെങ്കിൽ ചേതൻ സക്കറിയ. ഇപ്പോൾ സക്കറിയ അൽപ്പം മോശം ഫോമിലാണെന്ന് എനിക്കറിയാം, പക്ഷേ വരുന്ന ഐപിഎല്ലിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്താൽ, അവൻ ലോകകപ്പ് ടീമിലേക്കുള്ള ഒരു ഓപ്ഷനായിരിക്കും. ഇടത് എല്ലായ്പ്പോഴും ശരിയാണ്!” സ്റ്റാർ സ്പോർട്സിൽ ഇർഫാൻ പത്താൻ പറഞ്ഞു.