ജെയിംസ് ഫോക്‌നറുടെ ആരോപണം അടിസ്ഥാന രഹിതം! ഓസ്ട്രേലിയൻ ഓൾറൗണ്ടർക്കെതിരെ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ; പി‌എസ്‌എല്ലിനെ പരിഹസിച്ച് ക്രിക്കറ്റ്‌ ലോകം

ഓസ്‌ട്രേലിയൻ വെറ്ററൻ ഓൾറൗണ്ടർ ജെയിംസ് ഫോക്‌നർ, പാകിസ്ഥാൻ സൂപ്പർ ലീഗ് (പി‌എസ്‌എൽ) പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി എന്ന വാർത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പി‌എസ്‌എല്ലിന്റെ 2022 സീസണിൽ ക്വാറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായിരുന്ന ഫോക്‌നർ, തന്റെ കരാർ പ്രകാരമുള്ള പേയ്‌മെന്റുകൾ തരുന്നതിൽ പിസിബിയും പിഎസ്എല്ലും വീഴ്ച്ച വരുത്തി എന്ന ഗുരുതര ആരോപണം ഉയർത്തിയാണ് പി‌എസ്‌എൽ വിട്ടത്.

എന്നാൽ, താരത്തിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും, പി‌എസ്‌എല്ലിൽ അത്തരത്തിലുള്ള ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും പാകിസ്ഥാൻ പത്രപ്രവർത്തകനും, മുൻ പിഎസ്എൽ അവതാരകനുമായ ഫരീദ് ഖാൻ പ്രതികരിച്ചു. മാത്രമല്ല, ഫോക്‌നർ ഇതിനു മുമ്പും ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന കളിക്കാരനാണെന്നും, പാകിസ്ഥാൻ വിടുന്നതിന് മുന്നേ ഫോക്‌നർ, അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി എന്നും ഫരീദ് ഖാൻ ആരോപിച്ചു.

“ഫോക്‌നർ മുമ്പും പല പ്രശ്നങ്ങളിലും പെട്ടിട്ടുണ്ട്, അത് ട്വീറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ എനിക്ക് അത് ചെയ്യേണ്ടി വരും. ഫോക്‌നർ നാട്ടിലേക്ക് പോകുന്നതിന് മുന്നേ, ലാഹോറിലെ പിസി ഹോട്ടലിലെ ചാൻഡിലിയർ തകർത്തു. പിന്നെ, അദ്ദേഹം ആരോപിക്കുന്ന പണമിടപാടിന്റെ കാര്യം പറയുകയാണെങ്കിൽ, പണമടയ്ക്കാത്തതിനാൽ പി‌എസ്‌എല്ലിൽ ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എല്ലാ കളിക്കാർക്കും 50%-70% മുൻകൂറായി നൽകപ്പെടുന്നു, ബാക്കി പേയ്‌മെന്റും റിലീസ് ചെയ്യുന്നു. പിഎസ്എൽ എല്ലാ വർഷവും സുഗമമായും പ്രശ്‌നങ്ങളുമില്ലാതെയുമാണ് നടന്നുവരുന്നത്,” ഫരീദ് ഖാൻ ട്വീറ്റ് ചെയ്തു.

എന്നാൽ, ഫോക്‌നറുടെ വെളിപ്പെടുത്തലിനെ കൂട്ടുപിടിച്ച്, ക്രിക്കറ്റ്‌ ആരാധകർ പിഎസ്എല്ലിനെ പരിഹസിച്ചും, ട്രോളിയും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. പിഎസ്എൽ എന്നാൽ പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നല്ല എന്നും, യഥാർത്ഥത്തിൽ പിഎസ്എൽ എന്നാൽ പൈസ ഷോർട്ടേജ് ലീഗ് ആണെന്നും ആരാധകർ പാകിസ്ഥാൻ ഫ്രാഞ്ചൈസി ലീഗിനെ പരിഹസിച്ചു.