” പ്രോ വോളി ലീഗ് എന്ന ഒരു സീസൺ അത്ഭുതം “

1950 കളിലെയും 1960 കളിലെയും വോളിബോളിലെ ശക്തരിൽ നിന്നും ഇന്ത്യയുടെ താഴോട്ടുള്ള കുതിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. 2019 ലെ പ്രൊ വോളിയുടെ തുടക്കത്തോടെ പഴയ പ്രതാപം ഇന്ത്യ തിരിച്ചുപിടിക്കുമെന്നു കണക്കുക്കൂട്ടി.ഒരിക്കൽ പോലും ഒളിമ്പിക്സിൽ വോളിബോൾ കളിക്കാത്ത ഒരു രാജ്യത്തിന്, പ്രോ വോളി ലീഗ് ആ വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പായി കാണപ്പെട്ടു.

2019 ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിച്ച പിവിഎൽ ലോകമെമ്പാടുമുള്ള ധാരാളം വോളി പ്രേമികളെ ആകർഷിച്ചു. പ്രൊ വോളിയിലൂടെ ലോകത്തിലെ മികച്ച താരങ്ങളായിരുന്ന അമേരിക്കൻ അന്താരാഷ്ട്ര താരങ്ങളായ ഡേവിഡ് ലീ ,ലോട്ട്മാൻ ,ക്ലാർക് എന്നിവരെ ലീഗ് കളിക്കാൻ കൊണ്ട് വരാൻ സാധിച്ചു .ഇന്ത്യൻ താരങ്ങൾക്ക് മാന്യമായ പണം ലഭിച്ചു , നിരവധി പുതിയ ആരാധകരെ കൊണ്ടുവന്നു, അതിലുപരിയായി വോളിബാൾ നിലവാരമുള്ള സംപ്രേഷണത്തിലൂടെ ആരാധകരെ ടെലിവിഷന് മുന്നിൽ പിടിച്ചു നിർത്തി. ബേസ്‌ലൈൻ വെൻ‌ചേഴ്സിന്റെയും വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള പ്രൊ വോളി ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് മുന്നോട്ട് വന്നത് ഇന്ത്യയിൽ വോളിബോളിന്റെ വളർച്ച മുന്നിൽ കണ്ടു മാത്രമാണ് .

ഇന്ത്യൻ താരങ്ങളെ സംബന്ധിച്ച് പ്രൊ വോളി വലിയൊരു മാറ്റമാണ് കൊണ്ടുവന്നത്. ഇന്ത്യയിലെ വോളി താരങ്ങൾക്ക് ടിവിയിൽ വലിയ എക്സ്പോഷർ ലഭിക്കാനും മറ്റു കായിക താരങ്ങൾക്കൊപ്പം വോളി താരങ്ങളുടെ അഭിമുഖത്തിന് വേണ്ടി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതും പ്രൊ വോളിയിൽ കണ്ടു . 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മോശം പ്രകടനത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം പ്രൊ വോളിയിലേക്ക് ഇറങ്ങിയത്. എന്നാൽ ആ പ്രകടനത്തിന്റെ കറ മായ്ച്ചു കളയുന്ന പ്രകടനമാണ് താരങ്ങൾ പുറത്തെടുത്തത്. പ്രൊ വോളിയുടെ വരവോടെ കരുത്താർജിക്കുന്ന ഇന്ത്യൻ വോളിക്ക് ദീർഘ വീക്ഷണമുള്ള പദ്ധതിയുടെ പിൻബലത്തോടെ വേൾഡ് ചാംപ്യൻഷിപ്പിനും, ഒളിംപിക്സിനും യോഗ്യത നേടാവുന്ന ഒരു ടീമായി വളരുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു.

വോളിബോളിന്റെ ലോക ബോഡി എഫ്‌ഐവിബി പോലും ഇന്ത്യയെ വോളിബാളിൽ വലിയ സാധ്യതകളുള്ള ഒരു രാജ്യമായി കാണാൻ തുടങ്ങിയിരുന്നു. ഇന്ത്യക്ക് വേണ്ടി പല പദ്ധതികളും എഫ്‌ഐവിബി ത്സ്യയാറാക്കിയിരുന്നു. ആദ്യ സീസണിൽ കൊച്ചിയിലും ചെന്നൈയിലും നടന്ന പിവിഎൽ കാണികളുടെ പങ്കാളിത്തം കൊണ്ടും കളിക്കാരുടെ പ്രകടനം കൊണ്ടും വൻ വിജയമായി തീർന്നെങ്കിലും, ലീഗിന്റെ രണ്ടാമത്തെ സീസൺ പ്രതീക്ഷിച്ചു നിന്ന വോളി ആരാധകർക്ക് മുന്നിൽ നിരാശയുണർത്തുന്ന വാർത്തയാണ് 2019 നവംബറിൽ കേട്ടത്.

വർഷങ്ങളായി തുടരുന്ന വോളീബോൾ ഫെഡറേഷൻ ഓഫ് ഇനിടയുടെ കെടു കാര്യസ്ഥതയുടെ ഫലമായി ഒളിമ്പിക്സ് വരെ ലക്‌ഷ്യം വെച്ച തുടങ്ങിയ പ്രൊ വോളി ലീഗ് ഒരു സീസണിലെ അത്ഭുതം എന്ന വിശേഷണത്തോടെ അവസാനിച്ചു. ലീഗ് നടത്തിക്കൊണ്ടിരുന്ന ബേസ്‌ലൈൻ വെൻ‌ചേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വോളി സംസ്കാരം തന്നെ മാറ്റാവുന്ന ഒരു ഉദ്യമത്തെ അവസാനിപ്പിക്കാൻ വോളീബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് അനായാസം സാധിച്ചു. കരാർ ലംഘനത്തിന്റെ ഫലമായി ബേസ്‌ലൈൻ വെൻ‌ചേഴ്സിനു 4 കോടി രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധിക്കുകയും ചെയ്തു. ഈ തീരുമാനത്തോടെ പ്രൊ വൊള്ളിയെ എല്ലാവരും “വൺ എഡിഷൻ വണ്ടർ ” എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങി.

പക്ഷെ ബേസ്‌ലൈനുമായുള്ള കരാർ ലംഘനം ഏറ്റവും കൂടുതൽ ബാധിച്ചത് ലീഗിലെ ടീമുകളെ സ്വന്തമാക്കിയ ഉടമകളെയും , കളിക്കാരെയുമാണ്. “ലീഗ് നിർത്തലാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം വിഎഫ്ഐ ക്കാണെന്നും നഷ്ടം കളിക്കാർക്ക് മാത്രമാണെന്നും മികച്ച രീതിയില്ല ടെലിവിഷൻ പ്രക്ഷേപണവും ഉള്ളതുകൊണ്ട് ഇത് മികച്ച ലീഗുകളിലൊന്നായിരുന്നു മാറുമായിരുന്നെന്നു മുത്തൂറ്റ് പപ്പച്ചൻ ഗ്രൂപ്പിന്റെ ഡയറക്ടറും പിവിഎല്ലിലെ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് ടീമിന്റെ ഉടമയുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. “ലീഗ് നിർത്തിയതിന്റെ ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കുന്നത് കേരളമാണെന്നും വർഷം തോറും നിരവധി പ്രതിഭകളാണ് കേരളത്തിൽ നിന്നും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഎഫ്ഐ യും ബേസ് ലൈനും തമ്മിലുള്ള കരാർ അവസാനിച്ചതോടെ ടീം ഉടമകളിൽ പലരും ഒരു സമാന്തര ലീഗ് ആരംഭിക്കാൻ പോലും പദ്ധതിയിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ അങ്ങനെ ഒരു ലീഗ് കളിച്ചാൽ ഫെഡറേഷൻ കളിക്കാരെ വിലക്കാൻ സാധ്യതയുണ്ടെന്നും രാജ്യത്തിനായി കളിക്കാൻ അനുവദിച്ചേക്കില്ല എന്നതുമാണ് സമാന്തര ലീഗിൽ നിന്നും പിന്മാറാനുള്ള കാരണം. ദേശീയ ഫെഡറേഷനുമായുള്ള കയ്പേറിയ അനുഭവം ഉണ്ടായിരുന്നിട്ടും, പ്രോ ലീഗ് തിരിച്ചെത്തിയാൽ മുത്തൂറ്റ് ഒരു ടീമിനൊപ്പം തിരിച്ചെത്തും.അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള പ്രശ്നങ്ങളിൽ നിന്നും പടം ഉൾകൊണ്ട് വരും വർഷങ്ങളിൽ ഫെഡറേഷൻ പുതിയ ലീഗുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.