ഫൈനലിൽ കാത്തിരിക്കുന്നത് കോടികൾ 😱😱😱സമ്മാന പെരുമഴയിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. അതുകൊണ്ടുതന്നെ, ഐപിഎല്ലിൽ വിജയികൾക്കും വ്യക്തിഗത മികവുപുലർത്തുന്ന താരങ്ങൾക്കും നൽകുന്ന സമ്മാനത്തുകയും താരതമ്യേനെ മറ്റു ഫ്രാഞ്ചൈസി ലീഗുകളിൽ നിന്നും വളരെ കൂടുതലാണ്. ഐപിഎൽ ജേതാക്കൾക്കും റണ്ണേഴ്സപ്പിനും പുറമെ, പ്ലേ ഓഫിൽ എത്തിയ മറ്റു രണ്ടു ടീമുകൾക്കും സമ്മാനത്തുകയുണ്ട്.

ഐപിഎല്ലിന്റെ ആദ്യ സീസണിൽ 4.8 കോടി രൂപയായിരുന്നു ജേതാക്കൾക്ക് ലഭിച്ച സമ്മാനത്തുക. ഇത് പിന്നീട് വർഷംതോറും കാലക്രമേണ വർദ്ധിച്ചുവന്ന്, ഇന്ന് 2022-ൽ എത്തിനിൽക്കുമ്പോൾ 20 കോടി രൂപയാണ് ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഐപിഎൽ റണ്ണേഴ്സപ്പിന് 13 കോടി രൂപ പാരിതോഷികം ലഭിക്കും. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസും മെയ് 29ന് നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

രണ്ടാം ക്വാളിഫയർ മത്സരത്തിൽ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ലഭിക്കുന്നത് 7 കോടി രൂപയാണ്. എലിമിനേറ്റർ മത്സരത്തിൽ പരാജയപ്പെട്ട ലക്നൗ സൂപ്പർ ജിയന്റ്സിന് 6.5 കോടി രൂപയും ലഭിക്കും. ടീമുകൾക്ക് നൽകുന്ന പാരിതോഷകങ്ങൾക്ക് പുറമെ, വ്യക്തിഗത നേട്ടങ്ങൾക്ക് കളിക്കാരെ കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. ടൂർണമെന്റ്ലെ വിക്കറ്റ് വേട്ടക്കാരനായ പർപ്പിൾ ക്യാപ്പ് ജേതാവിന് 15 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമ്പോൾ, റൺ വേട്ടക്കാരനായ ഓറഞ്ച് ക്യാപ്പ് ജേതാവിനും 15 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഓറഞ്ച് ക്യാപ് ഇതിനോടകം രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്‌ലർ ഉറപ്പിച്ചപ്പോൾ, പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആർസിബി സ്പിന്നർ വാനിന്ദു ഹസരംഗക്കൊപ്പം 26 വിക്കറ്റുമായി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഉണ്ടെങ്കിലും ഇക്കോണമി റേറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ് ചാഹൽ. എന്നിരുന്നാലും, ഫൈനൽ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയാൽ ചാഹൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കും.