തിരിച്ചുവരവിനുള്ള പണി തുടങ്ങി സൂപ്പർ താരം!! അവഗണിച്ചവർക്ക് മാസ്സ് മറുപടി ഉടൻ

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടം കണ്ടെത്താൻ കഴിയാതെ പോയ പൃഥ്വി ഷാ ഒരു നല്ല തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. സിംബാബ്‌വേയിൽ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒരുപാട് മാസങ്ങളായി ഇന്ത്യൻ ടീമിൽ ഇടം നേടാൻ പൃഥ്വിക്ക് സാധിച്ചിട്ടില്ല.

താരം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ച ജിം വർക്കൗട്ട് വീഡിയോയിലൂടെ ആണ് താൻ ഒരു മടങ്ങിവരവിനായി തയ്യാറെടുക്കുന്നു എന്ന് സൂചിപ്പിച്ചത്. ഐപി‌എൽ ടീമായ ‍ഡൽഹി ക്യാപിറ്റൽസ് ജേഴ്സി ധരിച്ച് പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിൽ ഒരു പുതിയ ഉന്മേഷവും ആത്മവിശ്വാസവും പ്രകടമാണ്. ഐപി‌എൽ മത്സരങ്ങളിലും പിന്നീട് നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.

ഒരുകാലത്ത് ശിഖർ ധവാന്റെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ സ്ഥിരം ബാക്കപ്പ് ഓപ്പണർ ആയി കളിച്ചിരുന്ന താരമായിരുന്നു ഷാ. പിന്നീട് ടെസ്റ്റ് ടീമിലും ഇടം നേടി. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ച് ടീമിൽ സ്ഥാനം നിലനിർത്തി. ചില മത്സരങ്ങൾക്ക് ശേഷം താരത്തിന്റെ ഫോം നഷ്ടമാകാൻ തുടങ്ങി. അതോടെ ടീമിൽ നിന്ന് പുറത്തായി. എങ്കിലും ഒരിക്കൽ കൂടി ടെസ്റ്റ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും ഐപിഎൽ മത്സരങ്ങളിലെ മികച്ച പ്രകടനം വഴി ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ ഇടം നേടാൻ സാധിച്ചു.

പവർപ്ലേ ഓവറുകളിൽ മികച്ച സ്കോറിങ് നിരക്കുള്ള പൃഥ്വിക്ക് പലപ്പോഴും അത് മികച്ച ഒരു സ്‌കോറായി കൺവേർട്ട്‌ ചെയ്യാൻ സാധിക്കാത്തത് ഒരു പോരായ്മയാണ്. 2021ൽ നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം പിന്നീട് ഒരിക്കൽ കൂടി താരത്തിന് ടീമിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. തുടർച്ചയായി യോ-യോ ടെസ്റ്റുകളിൽ പരാജയപ്പെട്ട അദ്ദേഹം പെക്കിങ് ഓർഡറിൽ മറ്റു ഓപ്പണർമാർക്ക് പുറകിലായി. എങ്കിലും പൃഥ്വി ഷായുടെ കീഴിലാണ് മുംബൈ കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയത്. ഫിറ്റ്നെസ് വീണ്ടെടുത്ത് താരം മത്സരരംഗത്ത് മടങ്ങിവരുമെന്ന് നമുക്ക് കരുതാം.