കലിപ്പിച്ചവനെ വീഴ്ത്താൻ ബുംറ തന്നെ 😱കോഹ്ലിയെ പ്രശംസിച്ച് പ്രിത്വിരാജ്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം, ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ ആവേശം കൊള്ളിച്ച പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ പുറത്തെടുത്തത്. ഇന്ത്യക്ക്‌ വേണ്ടി 5 വിക്കറ്റ് പ്രകടനം നടത്തിയ ബുംറ, ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു. മാത്രമല്ല, ഇന്ത്യൻ പേസർ പ്രോട്ടീസ് പേസർ മാർക്കോ ജാൻസനോട് തന്റെ പ്രതികാരം തീർത്തതിനും കേപ് ടൗൺ ടെസ്റ്റിന്റെ രണ്ടാം ദിനം ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചു.

വാണ്ടറേഴ്സിൽ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ, ബുംറ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ, അദ്ദേഹത്തിന് നേരെ ജാൻസെൻ തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞത് ബുംറയെ പ്രകോപിതനാക്കിയിരുന്നു. ജാൻസെന്റെ ബൗൺസർ ബുംറയുടെ ശരീരത്തിൽ തട്ടിയതോടെ, ബുംറയും ജാൻസെണും നേർക്കുനേർ നടന്ന് അടുക്കുകയും, തുറിച്ചു നോക്കുകയും, വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, അമ്പയർ ഇടപെട്ടാണ് ഇരുവരെയും മാറ്റിനിർത്തിയത്.

എന്നാൽ, കേപ് ടൗൺ ടെസ്റ്റിൽ സ്ഥിതിഗതികൾ വ്യത്യസ്ഥമായിരുന്നു. ഇത്തവണ, ജാൻസൻ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ, ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബുംറയ്ക്ക് പന്ത് കൈമാറുകയായിരുന്നു. ജാൻസന് നേരെ ഇടവിട്ട് ഓവറുകൾ ചെയ്ത ബുംറ, ഒടുവിൽ 7 റൺസ് എടുത്ത് നിൽക്കുന്ന ജാൻസനെ ക്ലീൻ ബൗൾഡ് ചെയ്യുകയും ചെയ്തു. ഇതോടെ, ഇന്ത്യൻ പേസറുടെ മധുര പ്രതികാരം ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി. മറ്റൊരു കാര്യം എന്തെന്നാൽ, പ്രോട്ടീസ് ബാറ്റർ ജാൻസൻ നേരിട്ട 26 പന്തുകളിൽ 18 ബോളുകൾ ബുംറയുടേതായിരുന്നു. അതുകൊണ്ട് തന്നെ, ബുംറയുടെ മധുര പ്രതികാരത്തിന് വഴിയൊരുക്കിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.

അതിൽ ശ്രദ്ധേയമായത്, മലയാളികളുടെ സൂപ്പർസ്റ്റാർ പ്രിത്വിരാജ് സുകുമാരന്റെ ട്വീറ്റ് ആയിരുന്നു. “ജൊഹാനസ്ബർഗ് ടെസ്റ്റിൽ ഡ്രസ്സിംഗ് റൂമിൽ നിന്ന് മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടിട്ട്, ഇത്തവണ മാർക്കോ ജാൻസെൻ ബാറ്റിംഗിന് വന്നപ്പോൾ ജസ്‌പ്രീത് ബുംറയ്ക്ക് പന്ത് കൈമാറി, അതാണ് വിരാട് കോഹ്‌ലി എന്ന ക്യാപ്റ്റൻസി ബ്രാൻഡ്! ശരിയായ ക്രിക്കറ്റ് ബോക്സ് ഓഫീസ്!” ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റനെ അഭിനന്ദിച്ച് കൊണ്ട് പ്രിത്വിരാജ് ട്വീറ്റ് ചെയ്തു.