രോഹിത് ശേഷം അവൻ ഇന്ത്യൻ ക്യാപ്റ്റനാകും : പ്രവചിച്ച് മുൻ താരം

രോഹിത് ശർമയ്ക്ക് ശേഷം ആരായിരിക്കും ഇന്ത്യയുടെ ക്യാപ്റ്റൻ ആവുക എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് ആരംഭിച്ചിട്ട്. പ്രധാനമായും യുവ ബാറ്റർമാരായ കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരുടെ പേരുകളാണ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഉയർന്നു കേൾക്കുന്നത്. ഇവർക്കൊപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പേരും ചിലർ ഉയർത്തിക്കാട്ടിയിരുന്നു.

എന്നാൽ, ഇതുവരെ ഈ ചർച്ചയിൽ ഉയർന്നു കേൾക്കാത്ത ഒരു പേരാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബാ കരീം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെയാണ് സാബാ കരീം അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ സാധ്യതയുള്ള കളിക്കാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, രോഹിത്തിന് ശേഷം ഗില്ലിനെ ആക്കണം എന്ന് സാബാ കരീം അഭിപ്രായപ്പെടുന്നില്ല.

മറിച്ച്, ശുഭ്മാൻ ഗിൽ ഇപ്പോഴേ നേതൃപാടവം കാണിക്കുന്നുണ്ടെന്നും, അടുത്ത ഐപിഎൽ സീസണുകളിൽ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഗില്ലിനെ കാണാം എന്നും മുൻ ഇന്ത്യൻ താരം പ്രതീക്ഷിക്കുന്നു. അതുവഴി ഗിൽ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ ക്യാപ്റ്റൻ ആവുകയും, തുടർന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ഉയർന്നു വരികയും ചെയ്യും എന്നാണ് സാബാ കരീം പറയുന്നത്. ഏറ്റവും ഒടുവിൽ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ശുഭ്മാൻ ഗില്ലിനെ ആയിരുന്നു.

“ഗില്ലിന് ഇനിയും പരിചയസമ്പത്ത് ആവശ്യമുണ്ട്. ഗിൽ ഇപ്പോൾ തന്നെ നേതൃപാടവം കാണിക്കുന്നുണ്ട്. അടുത്ത ഐപിഎൽ സീസണുകളിൽ ഏതെങ്കിലും ടീമിന്റെ ക്യാപ്റ്റനായി നമുക്ക് ഗില്ലിനെ കാണാം. അതുവഴി ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിന്റെ ക്യാപ്റ്റനായി ഗിൽ മാറും. ഗില്ലിന്റെ ബാറ്റിംഗ് വളരെ മികച്ചതാണ്. ഓപ്പണിംഗ് റോളിന് ഉപരി, ടി20 ഫോർമാറ്റിൽ 3,4 സ്ഥാനങ്ങളിലെല്ലാം കളിക്കാൻ സാധിക്കുന്ന ബാറ്ററാണ് ഗിൽ,” സാബാ കരീം പറഞ്ഞു.