ലാലേട്ടന്റെ ചിത്രത്തിലെ ബാലതാരം, ഉണ്ണി മുകുന്ദന്റെ നായികയായി അരങ്ങേറ്റം; ഈ കൊച്ചുമിടുക്കി ആരാണെന്ന് മനസ്സിലായോ?|Celebrity childhood photos
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നായിക റോളുകളിലേക്ക് വളർന്ന നിരവധി നടിമാർ നമ്മുടെ മലയാള സിനിമയിൽ ഉണ്ട്. എന്നാൽ, ഇന്ന് അത്തരത്തിലുള്ള നായികമാരുടെ എണ്ണം വളരെ കുറവാണ്. പലരും ഫാഷൻ രംഗത്തുനിന്നും മറ്റും ഓഡിഷൻ വഴിയെല്ലാം സിനിമയിൽ എത്തുന്നവരാണ്. എന്നാൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് സഹനടിയായും ഇപ്പോൾ നായികയായും തിളങ്ങിനിൽക്കുന്ന ഒരു യുവനടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.
മലയാള സിനിമയിൽ 14-ാം വയസ്സിൽ ബാലതാരമായി അരങ്ങേറ്റം. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം, ഒരു കമിയോ അപ്പിയറൻസിൽ വീണ്ടും മലയാള ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ശേഷം, രണ്ടു വർഷത്തെ ഇടവേളക്കുശേഷം തമിഴ് നായികയായി അരങ്ങേറ്റം. വീണ്ടുമൊരു രണ്ടുവർഷത്തിനുശേഷമാണ് ഈ നടി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ തുടക്കത്തിൽ വെല്ലുവിളികൾ നേരിട്ടിരുന്നെങ്കിലും, 2016 മുതൽ ഈ താരത്തിന് തന്റെ പ്രയാസകാലത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മോഹൻലാൽ നായകനായി എത്തിയ ‘സാഗർ ഏലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രത്തിൽ അസറിന്റെ സഹോദരിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പ്രയാഗ മാർട്ടിനെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ എത്തിയ പ്രയാഗ, 2014-ൽ മിസ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ഹൊറർ ചിത്രത്തിൽ ആണ് ആദ്യമായി നായിക കഥാപാത്രത്തിൽ എത്തിയത്.
2016-ൽ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി ആണ് പ്രയാഗ മാർട്ടിൻ മലയാള സിനിമയിൽ നായിക വേഷത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, കട്ടപ്പനയിലെ ഋതിക് റോഷൻ, ഫുക്രി, രാമലീല, ഒരു പഴയ ബോംബ് കഥ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രയാഗ നായികയായി വേഷമിട്ടു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നീ ചിത്രങ്ങളാണ് പ്രയാഗയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
