അവന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചു ; റോവ്മാൻ പവലിന്റെ ഹൃദയസ്പർശിയായ ജീവിത കഥ

ഡൽഹി ക്യാപിറ്റൽസിന്റെ പവർ ഹിറ്ററാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർ റോവ്മാൻ പവൽ. ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പവൽ തന്റെ കഴിവ് ക്രിക്കറ്റ്‌ ലോകത്തിന് കാണിച്ചുകൊടുത്തു.

ഇപ്പോഴിത, മുൻ വെസ്റ്റ് ഇൻഡീസ് ബൗളർ ഇയാൻ ബിഷപ്പ് ഡെൽഹി ക്യാപിറ്റൽസ് താരം തന്റെ കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ വാക്ക് എങ്ങനെ നിറവേറ്റി എന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ വളർന്ന പവൽ, സ്‌കൂളിൽ പഠിക്കുമ്പോൾ അമ്മയോട് അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്ന് വാക്ക് നൽകിയിരുന്നുവെന്നും വിൻഡീസ് പവർ ഹിറ്റർ ഇപ്പോൾ ആ സ്വപ്ന സാക്ഷാത്ക്കാരത്തിൽ ജീവിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ തിളങ്ങിയതിന്റെ ഫലമായിയാണ്‌ 2.8 കോടി രൂപയ്ക്ക് പവൽ ഡൽഹി ക്യാപിറ്റൽസുമായി ഐപിഎൽ കരാർ നേടിയത്.

“ആർക്കെങ്കിലും 10 മിനിറ്റ് മാറ്റിവെക്കാൻ സമയമുണ്ടെങ്കിൽ, യൂട്യൂബിൽ പോയി റോവ്മാൻ പവലിന്റെ ജീവിതകഥ ഒന്ന് കാണു. ഈ പയ്യൻ ഐപിഎൽ കളിക്കുന്നതിൽ ഞാൻ ഉൾപ്പെടെ നിരവധി ആളുകൾ സന്തോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. അവൻ ദാരിദ്ര്യത്തിന്റെ ചുറ്റുപാടിൽ നിന്നാണ് വളർന്നു വന്നത്. എന്നാൽ, സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്ന് അവൻ അവന്റെ അമ്മക്ക് വാക്ക് കൊടുത്തിരുന്നു. ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ് അവൻ ഇപ്പോൾ ജീവിക്കുന്നത്,” ബിഷപ്പ് പറയുന്നു.

“കരീബിയനിൽ ആദിൽ റഷീദും മൊയീൻ അലിയും പടനയിച്ച സ്പിൻ യൂണിറ്റിനെതിരെ അവൻ നേടിയ സെഞ്ചുറിയെക്കുറിച്ച് ഞാൻ ഇപ്പോൾ ഓർക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയ്‌ക്കെതിരെ 43 ശരാശരിയിലാണ് അവൻ ബാറ്റ് വീശിയത്. ഇപ്പോൾ അവൻ വളരെയധികം മെച്ചപ്പെട്ടു, സീമർമാർക്കെതിരെയും അവൻ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നു,” മുൻ വെസ്റ്റ് ഇൻഡീസ് താരം പറഞ്ഞു.