അങ്ങനെ സംഭവിച്ചാൽ കോഹ്ലിക്ക്‌ കരിയർ ഏൻഡ് 😱😱മുന്നറിയിപ്പ് നൽകി റിക്കി പോണ്ടിങ്

ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമിലെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ, ജൂലൈ 22-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. എന്നാൽ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ ഉൾപ്പെടുമോ ഇല്ലയോ എന്നാണ് ഇപ്പോൾ ആരാധകർക്ക് ഉള്ളിലുള്ള ആശങ്ക.

ഇക്കാര്യത്തിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്‌. വിരാട് കോഹ്ലി ഏറ്റവും മികച്ച ക്രിക്കറ്ററാണെന്ന് പറഞ്ഞ പോണ്ടിംഗ്, കോഹ്‌ലി ഉൾപ്പെടുന്ന ഒരു ഇന്ത്യൻ ടീമിനെ ഏതൊരു എതിരാളികളും നേരിടാൻ ഭയക്കുമെന്നും ഐസിസി ഷോയിൽ പറഞ്ഞു. കോഹ്ലി ഇപ്പോൾ നേരിടുന്ന പ്രയാസമേറിയ ഘട്ടം എല്ലാ കളിക്കാരും നേരിട്ടിട്ടുണ്ടെന്നും, അൽപ്പം കൂടി സമയം നൽകിയാൽ കോഹ്ലി മികച്ച രീതിയിൽ തിരിച്ചുവരും എന്നും പോണ്ടിംഗ് പറഞ്ഞു.

“ഞാൻ ഇപ്പോഴും ഇന്ത്യക്കെതിരെ കളിക്കുകയാണെങ്കിൽ, കോഹ്ലി ഉൾപ്പെടുന്ന ഇന്ത്യൻ ടീമിനെ തീർച്ചയായും ഭയക്കും. കോഹ്‌ലി ഉള്ള ഇന്ത്യൻ ടീം ഇപ്പോഴും കരുത്തരാണ്. കോഹ്ലി ഇപ്പോൾ ഒരു പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് എനിക്കറിയാം. എന്റെ അറിവിൽ ബാറ്റർമാരായാലും ബൗളർമാരായാലും എല്ലാ മികച്ച കളിക്കാരും ഇത്തരത്തിലുള്ള ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്,” പോണ്ടിംഗ് പറയുന്നു.

“അവരെല്ലാം മികച്ച രീതിയിൽ ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കോഹ്‌ലിക്ക് അൽപ്പം കൂടി സമയം നൽകണം. അദ്ദേഹം തീർച്ചയായും മികച്ച ഫോമിൽ ടീമിലേക്ക് തിരിച്ചെത്തും,” പോണ്ടിംഗ് പറഞ്ഞു. അതേസമയം കോഹ്‌ലിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, കോഹ്ലിക്ക് പിന്നീട് ഒരു തിരിച്ചുവരവ് അസാധ്യമായേക്കും എന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.