130 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന് പേരെടുത്ത അതുല്ല്യ പ്രതിഭ

ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ, എന്നാൽ, 130 കിമി റേഞ്ചിലെ പന്തെറിയു, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ, എന്നാൽ, ബാറ്റിംഗ് ലൈനപ്പിൽ 9-ാമനായെ ഇറങ്ങു.!! തന്റെ പ്രതിഭ തെളിയിക്കാൻ ഇത്തരം സ്റ്റാറ്റിസ്റ്റിക്സുകളുടെ പിൻബലം ആവശ്യമില്ല എന്ന് തെളിയിച്ച താരം, ഷോൺ പൊള്ളോക്ക്.

1995-ൽ തന്റെ 22-ാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ കുപ്പായത്തിൽ ടെസ്റ്റ്‌ ക്രിക്കറ്റ്‌ അരങ്ങേറ്റം. എന്നാൽ, 1996-ൽ ബിർമിങ്ഹാമിൽ നടന്ന ലെയ്സ്സ്റ്റർഷയറും വാർവിക്ക്ഷയറും തമ്മിൽ നടന്ന മത്സരത്തിൽ വാർവിക്ക്ഷയറിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തുടർച്ചയായ 4 ബോളിൽ 4 വിക്കറ്റ് വീഴ്ത്തിയാണ് പൊള്ളോക്ക് ശ്രദ്ധേയനാകുന്നത്. തുടർന്ന്, ദക്ഷിണാഫ്രിക്കയുടെ ഏകദിന ടെസ്റ്റ്‌ ടീമുകളിൽ സ്ഥിര സാന്നിധ്യമായി മാറിയ പൊള്ളോക്ക്, ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം അലൻ ഡൊണാൾഡുമായി വർഷങ്ങളോളം ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ബൗളിംഗ് കൂട്ടുകെട്ട് സൃഷ്ടിച്ചു.

തുടർന്ന്, 2000-ത്തിൽ ഹാൻസി ക്രോഞ്ചേയ്ക്ക് വിലക്ക് ഏർപ്പിയെടുത്തിയതിന് പിന്നാലെ, പൊള്ളോക്ക് ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായക പദവി ഏറ്റെടുത്തു. എന്നാൽ, ഓൾറൗണ്ടർ എന്ന നിലയിൽ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും, ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനായി വലിയ നേട്ടങ്ങൾ സമ്പാദിക്കാൻ പൊള്ളോക്കിന് ആയില്ല. സന്ദർഭോചിതമായി 2003-ൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പൊള്ളോക്ക് പടിയിറങ്ങിയെങ്കിലും, 2003-ൽ അദ്ദേഹത്തെ വിസ്‌ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

108 ടെസ്റ്റ്‌ മത്സരങ്ങളും 303 ഏകദിന മത്സരങ്ങളും കളിച്ച പൊള്ളോക്ക്, യഥാക്രമം 421-ഉം 393-ഉം വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി ടെസ്റ്റ്‌ ക്രിക്കറ്റിൽ ആദ്യമായി 400 വിക്കറ്റ് സ്വന്തമാക്കിയ പൊള്ളോക്ക്, ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ ബൗളർ ആണ്. പൊള്ളോക്കിന്റെ 313 മെയ്ഡൻ ഓവറുകൾ എന്ന റെക്കോർഡും ഇന്നുവരെ ഒരാൾക്കും മറികടക്കാൻ ആയിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലും 3,000 റൺസും 300 വിക്കറ്റും തികച്ച ലോകത്തിലെ ഏക ക്രിക്കറ്റ്‌ താരമായി, പൊള്ളോക്ക് ഇന്നും താൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ്-ഓൾറൗണ്ടർ എന്ന് ഉറക്കെ വിളിച്ചു പറയുന്നു.