പൊള്ളാർഡിന്റെ ബോളിൽ അമ്പയർ ‘ഗോൾഡൻ ഡക്ക്’ ; ചിരി അടക്കാനാകാതെ രോഹിത്

ഐപിഎൽ മത്സരങ്ങൾക്കിടയിൽ രസകരമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്. ചിലത് അബദ്ധത്തിൽ സംഭവിക്കുമ്പോൾ മറ്റു ചിലത് ബോധപൂർവ്വം സംഭവിക്കാറുണ്ട്. എന്നാൽ, നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മുംബൈ ഇന്ത്യൻസ് – കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മത്സരത്തിൽ, എംഐ ഓൾറൗണ്ടർ കിറോൺ പൊള്ളാർഡിൽ നിന്ന് വന്ന അപകടകരമായ അബദ്ധം പിന്നീട് രസകരമായി മാറി.

പുരോഗമിക്കുന്ന മത്സരത്തിന്റെ 10-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. നിതിഷ് റാണക്കെതിരെ ഓവറിലെ അഞ്ചാം ബോൾ എറിയാനെത്തിയ പൊള്ളാർഡിൽ നിന്ന്, ബോൾ എറിയാനുള്ള ഫോളോ അപ്പിനിടെ പന്ത് തെറിച്ചു പോവുകയായിരുന്നു. നിർഭാഗ്യവശാൽ, പൊള്ളാർഡിന്റെ കൈകളിൽ നിന്ന് വഴുതിപ്പോയ പന്ത്, ഓൺ-ഫീൽഡ് അമ്പയർ ക്രിസ്റ്റഫർ ഗഫാനിയുടെ ദേഹത്താണ് തട്ടിയത്.

എന്നിരുന്നാലും, ഭാഗ്യവശാൽ കാര്യമായ പരിക്കുകളൊന്നും അമ്പയർക്ക് സംഭവിച്ചില്ല. അദ്ദേഹം ഉടനെ അത് ഡെഡ് ബോൾ വിളിച്ച് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും, പൊള്ളാർഡ് ചിരിച്ചുക്കൊണ്ട് അദ്ദേഹത്തോട് സംസാരിച്ചു. ഉടനെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ചിരിച്ചുക്കൊണ്ട് അമ്പയറുടെ അടുക്കലെത്തി സംസാരിക്കുന്നതായി ടിവി സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, വെങ്കിട്ടേഷ് അയ്യർ (24 പന്തിൽ 43), നിതിഷ് റാണ (26 പന്തിൽ 43) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് കണ്ടെത്തി. മുംബൈ ഇന്ത്യൻസിനായി ജസ്‌പ്രീത് ബുംറ 5 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ ഒരു മൈഡൻ ഓവർ ഉൾപ്പടെ 10 റൺസ് വഴങ്ങിയാണ് ഇന്ത്യൻ സ്പീഡ്സ്റ്റർ 5 വിക്കറ്റ് വീഴ്ത്തിയത്.