8 ഫോർ 6 സിക്സ് 😵‍💫😵‍💫പഴയ വെടികെട്ട് സിംഹം പൊള്ളാർഡ് വീണ്ടും!!

അബുദാബിയിലെ ഷെയ്ക്ക് സയ്ദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ദുബായ് ക്യാപ്പിറ്റൽസും എംഐ എമിറേറ്റ്സും തമ്മിലുള്ള ഇന്റർനാഷണൽ ലീഗ് ടി20 മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വെസ്റ്റ് ഇൻഡീസ് താരം കിറോൻ പൊള്ളാർഡ്. തകർച്ചയുടെ പടുകുഴിയിൽ നിന്നിരുന്ന എംഐ എമിറേറ്റ്സിന് വേണ്ടി കിറോൻ പൊള്ളാർഡ് വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും, തന്റെ ടീമിനെ ജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദുബായ് ക്യാപിറ്റൽസ്, ജോ റൂട്ട് (54 പന്തിൽ 82), ക്യാപ്റ്റൻ റോവ്മാൻ പവൽ (41 പന്തിൽ 97) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. 54 പന്തിൽ 8 ഫോറും 3 സിക്സും സഹിതം റൂട്ട് 82 റൺസ് നേടിയപ്പോൾ, 41 പന്തിൽ 4 ഫോറും 10 സിക്സും അടങ്ങിയതായിരുന്നു റോവ്മൻ പവലിന്റെ 97 റൺസ് ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എംഐ എമിറേറ്റ്സിന് തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

പവർപ്ലേ ഓവർ അവസാനിക്കുമ്പോൾ 26-3 എന്ന നിലയിലായിരുന്നു എംഐ എമിറേറ്റ്സ്. തുടർന്ന്, അഞ്ചാമാനായി ക്രീസിൽ എത്തിയ കിറോൻ പൊള്ളാർഡ്, ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിൽ നിറഞ്ഞാടുകയായിരുന്നു. 38 പന്തിൽ 8 ഫോറും 6 സിക്സും സഹിതം 86 റൺസ് ആണ് പൊള്ളാർഡ് അടിച്ചുകൂട്ടിയത്. 6 ഓവർ പിന്നിടുമ്പോൾ 26-3 എന്ന നിലയിൽ നിന്നിരുന്ന ടീം ടോട്ടൽ, 16 ഓവർ പിന്നിടുമ്പോൾ 144-4 എന്ന നിലയിൽ എത്തിച്ചാണ് പൊള്ളാർഡ് പുറത്തായത്.

നജീബുള്ള സദ്രാൻ (9 പന്തിൽ 30), സമിത് പട്ടേൽ (6 പന്തിൽ 18) എന്നിവരും അവസാന ഓവറുകളിൽ തകർത്തടിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. നാലാമനായി ക്രീസിൽ എത്തിയ ആന്ദ്രേ ഫ്ലെക്ച്ചർ ക്രീസിൽ പുറത്താകാതെ തുടർന്നെങ്കിലും, 34 പന്തിൽ 35 റൺസ് മാത്രം എടുത്ത വെസ്റ്റ് ഇൻഡീസ് താരത്തിന്റെ മെല്ലെ പോക്ക് എംഐ എമിറേറ്റ്സിന് തിരിച്ചടിയായി. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് എംഐ എമിറേറ്റ്സ് കണ്ടെത്തിയത്.

Rate this post