നിയമം അറിയില്ലേൽ പഠിക്കണം!! കലിപ്പ് മൂഡിലായി പൊള്ളാർഡ് : വീഡിയോ

ഐപിഎൽ 15-ാം പതിപ്പിൽ മുംബൈ ഇന്ത്യൻസിന് 9-ാം തോൽവി. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട് 52 റൺസ് പരാജയമാണ് മുംബൈ ഇന്ത്യൻസ് വഴങ്ങിയത്. മത്സരത്തിൽ, കെകെആർ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ എംഐ 17.3 ഓവറിൽ 113 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആറിന് വേണ്ടി, ഓപ്പണർമാരായ വെങ്കിട്ടേഷ് അയ്യർ (24 പന്തിൽ 43), അജിങ്ക്യ രഹാനെ (25) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ നിതിഷ് റാണയും (26 പന്തിൽ 43) ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ (6) ഉൾപ്പടെയുള്ള മധ്യനിര ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ കെകെആർ നിശ്ചിത ഓവറിൽ 165 റൺസിലൊതുങ്ങി.

കെകെആർ ഇന്നിംഗ്സിനിടെ മൈതാനത്ത് രസകരമായ ഒരു സംഭവം അരങ്ങേറി. കിറോൺ പൊള്ളാർഡ് എറിഞ്ഞ ഇന്നിംഗ്സിന്റെ 13-ാം ഓവറിലാണ് സംഭവം നടന്നത്. ഓവറിലെ നാലാം ഡെലിവറി ഒരു സ്ലോ ബോളായി എറിഞ്ഞ പൊള്ളാർഡിന് ലൈൻ പിഴച്ചതോടെ, ബോൾ ഓഫ് സ്റ്റംപിൽ നിന്നും ഒരുപാട് അകലെ ഒഴിഞ്ഞു പോയി. എന്നാൽ, സ്ട്രൈക്കിൽ ഉണ്ടായിരുന്ന നിതിഷ് റാണ, ബോൾ ഫോളോ ചെയ്ത് ഓഫ് സ്റ്റംപിൽ നിന്നും അകലെ വന്ന് പന്തിന് നേരെ വീശി.

നിർഭാഗ്യവശാൽ, റാണക്ക് ബോൾ കണക്ട് ചെയ്യാൻ സാധിച്ചില്ല. സ്ലോ ബോൾ ആയതുക്കൊണ്ട് തന്നെ വൈഡ് ലൈൻ കടന്നു പോയെങ്കിലും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ബോൾ അനായാസം കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചു. പക്ഷെ, ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം അതൊരു വൈഡ് ആയിരുന്നു. പക്ഷെ, ബാറ്റർ പന്തിന് മുകളിലൂടെ ബാറ്റ് വീശിയെന്നായി പൊള്ളാർഡ്. ഇക്കാര്യം ബിഗ് സ്‌ക്രീനിൽ കാണിച്ച റിപ്ലൈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊള്ളാർഡ് വ്യക്തമാക്കുകയും ചെയ്തു.