സൂര്യകുമാർ യാദവ് വേറെ ലെവൽ 😱വാനോളം പുകഴ്ത്തി പൊള്ളാർഡ്

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിനെ അഭിനന്ദിച്ച് വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ്. ആധുനിക ക്രിക്കറ്റിലെ എല്ലാ ബാറ്റർമാരും, സൂര്യകുമാർ യാദവിന്റെ പുസ്തകത്തിലെ ഒരു പേജ് എടുത്ത്, ഇന്ത്യൻ ബാറ്ററുടെ ബാറ്റിംഗ് സ്റ്റാൻഡേർഡ് അനുകരിക്കണം എന്നും പൊള്ളാർഡ് പറഞ്ഞു.

നേരത്തെ, വിൻഡീസിനെതിരെ ഫെബ്രുവരി 20-ന് നടന്ന മൂന്നാം ടി20യിൽ, വെറും 31 പന്തിൽ 65 റൺസ് അടിച്ചുകൂട്ടിയ 31-കാരനായ ബാറ്റർ ഇന്ത്യയെ 17 റൺസ് വിജയത്തിലേക്കും, ക്ലീൻസ്വീപ്പ് പരമ്പര നേട്ടത്തിലേക്കും നയിച്ചിരുന്നു. 53.50 ശരാശരിയിൽ 194.55 സ്‌ട്രൈക്ക് റേറ്റോടെ 107 റൺസ്‌ നേടിയ യാദവ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു. യാദവ് തന്നെയാണ് പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

“സൂര്യ ഒരു ലോകോത്തര കളിക്കാരനാണ്. 2011-ൽ അദ്ദേഹം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അദ്ദേഹത്തോടൊപ്പം മുംബൈ ഇന്ത്യൻസിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിനുശേഷം അദ്ദേഹം ഉയരങ്ങളിലേക്ക് വളർന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 360 ഡിഗ്രി താരമെന്ന നിലയിൽ അദ്ദേഹത്തിനും ഇന്ത്യയ്ക്കും വേണ്ടി അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യുന്നു.”

“എല്ലാ ബാറ്റർമാരും അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്ന് ഒരു പേജ് എടുത്ത്, അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡ് അനുകരിക്കാൻ ശ്രമിക്കണം,” കഴിഞ്ഞ ദിവസം നടന്ന ഒരു വെർച്വൽ പ്രസ് മീറ്റിൽ പൊള്ളാർഡ് പറഞ്ഞു. ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ആ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത്, 2022 ടി20 ലോകകപ്പ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കലാണ് സൂര്യകുമാർ യാദവിന്റെ അടുത്ത ലക്ഷ്യം.