സർപ്രൈസ് വിരമിക്കലുമായി പൊള്ളാർഡ് 😱അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് ഷോ ഇല്ല

വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം കീറോൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏപ്രിൽ 20 ബുധനാഴ്ച്ചയാണ്‌ വെസ്റ്റ് ഇൻഡീസ് ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ തന്റെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇൻഡീസിനായി നീണ്ട 15 വർഷത്തെ കരിയറിനാണ് 33-കാരൻ തിരശ്ശീല വീഴ്ത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ച് പൊള്ളാർഡ് നിലവിൽ ഇന്ത്യയിലാണ്.

യുവതാരങ്ങൾക്കായി ഒഴിയുകയാണ് എന്നാണ് പൊള്ളാർഡ് വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞത്. “വെസ്റ്റ് ഇൻഡീസ് നിറങ്ങളിൽ കളിക്കാൻ മുന്നോട്ട് വരുന്നവർക്കായി ഞാൻ മാറുന്നു, എന്നിരുന്നാലും എന്നാലാകുന്ന വിധത്തിൽ ഞാൻ എപ്പോഴും നിങ്ങളെ പിന്തുണയ്ക്കുമെന്ന് അറിയുക. എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് അഗാധമായ നന്ദിയോടെ ഞാൻ ഇപ്പോൾ എന്റെ ബാറ്റ് ഉയർത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് സല്യൂട്ട് നൽകുന്നു,” പൊള്ളാർഡ് സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു.

തുടർന്ന് പൊള്ളാർഡ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു. അതിൽ ഇങ്ങനെ പറഞ്ഞു, “സൂക്ഷ്മമായ ആലോചനകൾക്ക് ശേഷം ഞാൻ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. പല യുവാക്കളെയും പോലെ, വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രതിനിധീകരിക്കുക എന്നത് എന്റെയും സ്വപ്നമായിരുന്നു. 15 വർഷത്തിലേറെയായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ ടി20യിലും ഏകദിനത്തിലും പ്രതിനിധീകരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.”

“എന്റെ ബാല്യകാല നായകൻ ബ്രയാൻ ലാറയുടെ നേതൃത്വത്തിൽ 2007-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് എനിക്ക് ഇപ്പോഴും വ്യക്തമായി ഓർമ്മയുണ്ട്. ആ മെറൂൺ നിറങ്ങൾ ധരിച്ച് അത്തരം മഹാന്മാർക്കൊപ്പം കളിക്കുന്നത് ഞാൻ ഒരിക്കലും നിസ്സാരമായി കാണാത്ത ഒരു പദവിയാണ്, കളിയുടെ എല്ലാ മേഖലകളിലും, ബൗളിംഗായാലും ബാറ്റിംഗായാലും ഫീൽഡിങ്ങായാലും ഞാൻ എന്നെ തന്നെ സമർപ്പിച്ചു,” പൊള്ളാർഡ് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനായി 123 ഏകദിനങ്ങളും 101 ടി20 മത്സരങ്ങളും പൊള്ളാർഡ് കളിച്ചിട്ടുണ്ട്.

Rate this post