ഇന്ത്യൻ സ്‌ക്വാഡിൽ പരിക്കിന്റെ ആശങ്കകൾ : ലോകക്കപ്പ് മിസ്സ്‌ ആക്കുമോ

കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ നാണക്കേട് ഇതുവരെ ടീം ഇന്ത്യയെ വിട്ടു മാറിയിട്ടില്ല. എന്നാൽ, ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ ആയിരുന്നു ഇന്ത്യക്ക് പുതിയ പ്രതീക്ഷകൾ നൽകിയിരുന്നത്. 2022-ലെ രണ്ട് പ്രധാന ടൂർണമെന്റ്കളിലും ഇന്ത്യൻ ടീമിന് മികവ് പുലർത്താൻ ആകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ, ഏഷ്യ കപ്പ്, ടി20 ലോകകപ്പ് എന്നിവ പടിവാതിൽക്കൽ നിൽക്കെ ടീം ഇന്ത്യയെ തേടി തുടർച്ചയായി ദുഃഖ വാർത്തകളാണ് എത്തുന്നത്. നേരത്തെ, പരിക്കിനെ തുടർന്ന്, ഇന്ത്യയുടെ ഏഷ്യ കപ്പ്‌ ടീമിൽ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയെ ഉൾപ്പെടുത്തിയിരുന്നില്ല. അതിന് പിന്നാലെ, പരിക്ക് മാറി ഏഷ്യ കപ്പിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ഓൾറൗണ്ടർ വാഷിംഗ്‌ടൺ സുന്ദറിന് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിനിടെ വീണ്ടും പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയുടെ പരിക്ക് അൽപ്പം ഗുരുതരമാണെന്നും, അദ്ദേഹത്തിന് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നുമാണ്. ഇപ്പോൾ, ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുംറയുടെ പരിക്ക് അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും, താരത്തിന് ആവശ്യമായ ചികിത്സ വാഗ്ദാനം ചെയ്യുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

2019-ൽ ബുംറക്ക് സമാനമായ പരിക്ക് സംഭവിച്ചപ്പോൾ, അദ്ദേഹത്തിന് അഞ്ചുമാസത്തോളം കാലം ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു. എന്നാൽ, ഇപ്പോൾ സംഭവിച്ചിരിക്കുന്ന പരിക്കിന്റെ വ്യാപ്തിയും, അതിനുള്ള തുടർ ചികിത്സയും സ്ഥിരീകരിച്ചാൽ മാത്രമേ, ബുംറയുടെ തിരിച്ചുവരവിനെ കുറിച്ച് ചർച്ച ചെയ്യാൻ സാധിക്കുകയുള്ളൂ. ബുംറക്ക് ടി20 ലോകകപ്പ് കളിക്കാനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കും.