ബുംറയാണ്‌ ഇന്ത്യയുടെ പരാജയത്തിന് കാരണം ; ഇന്ത്യൻ ക്യാപ്റ്റനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം

ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റർമാർ. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ ശേഷം, രണ്ടാം ഇന്നിംഗ്സിൽ 378 റൺസ് എന്ന കൂറ്റൻ ടോട്ടൽ മുന്നോട്ടുവെച്ച ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് അടിയറവ് പറഞ്ഞത്. ഒന്നാം ഇന്നിംഗ്സിൽ പരാജയമായ ഇംഗ്ലീഷ് ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കെതിരെ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.

കളിയുടെ നാലാം ദിനം ആണ്, ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കിയത്. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ ആക്രമിച്ച ഇംഗ്ലണ്ട്, അതിൽ ലക്ഷ്യം കാണുകയും ചെയ്തു. മത്സരശേഷം, ഇന്ത്യൻ ബാറ്റർമാർക്ക് രണ്ടാം ഇന്നിംഗ്സിൽ വലിയ നേട്ടം കൈവരിക്കാൻ ആയില്ല എന്നും, അതുപോലെ രണ്ടാം ഇന്നിംഗ്സിൽ ബൗളർമാർക്കും കളി നിയന്ത്രിക്കാനായില്ല എന്നും എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ജസ്‌പ്രീത് ബുംറ പറഞ്ഞിരുന്നു.

ഇപ്പോൾ, ബുംറക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. “മത്സരത്തിൽ ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറക്ക് നിരവധി തെറ്റുകൾ സംഭവിച്ചു. വളരെ ബഹുമാനത്തോടെ തന്നെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. പ്രത്യേകിച്ച്, കളിയുടെ നാലാം ദിനം ഫീൽഡ് സെറ്റിംഗിൽ ബുംറക്ക് പിഴച്ചു. ഇന്ത്യൻ ബൗളർമാർക്ക് ബൗൺസ് കണ്ടെത്താൻ കഴിയാതിരുന്നത് ഇംഗ്ലീഷ് ബാറ്റർമാർക്ക് നേട്ടമായി,” പീറ്റേഴ്സൺ പറഞ്ഞു.

എന്നിരുന്നാലും, മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത് ജസ്‌പ്രീത് ബുംറയാണ്‌. ഒന്നാം ഇന്നിംഗ്സിൽ 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ മുഹമ്മദ്‌ സിറാജ് 4-ഉം, മുഹമ്മദ്‌ ഷമി 2-ഉം ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തിയെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ ബുംറ ഒഴികെയുള്ളവർക്കാർക്കും വിക്കറ്റ് നേട്ടം ആഘോഷിക്കാൻ ആയില്ല.