എനിക്ക് പട്ടിണിയിൽ കൂടി മ രിക്കേണ്ട 😱😱അമ്മക്ക് വാക്ക് നൽകിയ ആ പയ്യൻ ഇന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാൻ

എഴുത്ത് :എം.കെ.മിഥുൻ;ഡൽഹി-കൊൽക്കത്ത മത്സരത്തിനിടയിൽ കമന്ററി ബോക്സിൽ സർ ഇയാൻ ബിഷോപ് എന്ന വിൻഡീസ് ഇതിഹാസത്തിൽ നിന്ന് കേൾക്കുകയുണ്ടായി,അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്”നിങ്ങൾക്ക് ഒരു പത്ത് മിനുട്ട് നേരം മാറ്റിവെക്കാനുണ്ടെങ്കിൽ നിങ്ങൾ യൂട്യൂബിൽ റോവ്മാൻ പവലിന്റെ ജീവിതകഥയൊന്ന് കേട്ടുനോക്കൂ,ഒന്നുമില്ലായ്മയിൽ നിന്ന് കടന്ന് വന്ന ഒരുവന്റെ കഥ നിങ്ങൾക്കവിടെ കേൾക്കാൻ സാധിക്കും,വെറും സെക്കന്ററി സ്കൂൾ പ്രായത്തിൽ,എനിക്ക് പട്ടിണിയിലൂടെ മരിക്കേണ്ട അതുകൊണ്ട് തന്നെ ഞാൻ ഈ കുടുംബത്തെ പട്ടിണിയിൽ നിന്ന് കരകയറ്റുമെന്ന് ഒരമ്മക്ക് വാക്ക് നൽകുന്ന മകന്റെ കഥ നിങ്ങൾക്ക് അവിടെ അറിയാൻ സാധിക്കും,ഇന്ന് ആ സ്വപ്നം ജീവിച്ചു തീർക്കുന്ന ഒരുവന്റെ കഥ നിങ്ങൾക്ക് അവിടെ കേൾക്കാൻ സാധിക്കും.”

ആ മനുഷ്യന്റെ വാക്കുകൾ എന്നെ എത്തിക്കുന്നത് കരീബിയൻ പ്രിമിയർ ലീഗിന്റെ യൂടൂബ് ചാനലിലേക്കാണ്,അവിടെ CPL ലൈഫ് സ്റ്റോറീസ് എന്നതിന്റെ മൂന്നാം അധ്യയത്തിലേക്കാണ്.ക്രിസ്‌ ഗെയ്ലും,ചാദ്വിക്ക് വാൾട്ടണും,ആൻഡ്രേ റസ്സലുമൊക്കെ സംസാരിക്കുകയാണ്,അതിൽ റസ്സലിന്റെ വാചകങ്ങളിങ്ങനെയാണ്,”ഒരു വർഷം മുൻപ് തള്ളാവാസ് ടീമിനോപ്പം ചേരുന്ന ദിവസം തന്നെ ഞാനാണ് അവന് എന്നും മാതൃകയെന്നും,ഇന്ന് റസ്സൽ ചെയ്യുന്നതെന്തും അവനും ചെയ്യണമെന്നും, അതിനായില്ലെങ്കിൽ അതിന് അടുത്തെങ്കിലും ഒന്ന് എത്തിപ്പെടണമെന്നുമാണ് ആഗ്രഹമെന്ന് അവനെന്നോട് പറയുകയുണ്ടായി,ആന്ദ്രേ റസ്സൽ ഇന്ന് എന്ത് ചെയ്തു എന്നതിലല്ല,അതിനുമപ്പുറം ഒരുപാട് നിനക്ക് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ അന്ന് അവനോട് പറഞ്ഞത്,ഇന്നവൻ വിൻഡീസ് ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത തരമാണ്.

റസ്സൽ പറഞ്ഞ് നിർത്തുന്നിടത്ത് നിന്നും ആ വീഡിയോ മുൻപോട്ട് പോകുന്നത് ഭ്രാന്തമായ ആഫ്രിക്കൻ ഗ്രാമപ്രദേശങ്ങളിലേക്കാണ്,അദ്ദേഹം ജനിച്ചുവളർന്ന വീടിന്റെ പശ്ചാത്തലത്തിലേക്കാണ്,കൊടും പട്ടിണിയിൽ വലഞ്ഞ്,തന്റെ മുൻപിലേക്ക് ഒരുനേരത്തെ ആഹാരം വെച്ചു നീട്ടാൻ മറ്റുള്ളവരുടെ വിഴിപ്പ് അലക്കിയിരുന്ന,വീട് വൃത്തിയാക്കാൻ പോയിരുന്ന ആ അമ്മയെ അദ്ദേഹം ചേർത്ത് കെട്ടിപ്പിടിക്കുകയാണ്, അതിനൊപ്പം അദ്ദേഹം പങ്കുവെക്കുന്ന ചിലത് മനസ്സിലേക്ക് വല്ലാതെ സ്പർശിക്കുകയാണ്,ആ ക്രിക്കറ്റ്‌ ഫീൽഡിൽ തോറ്റ് പോകുമെന്ന്,വീണ് പോകുമെന്ന് തോന്നിക്കുന്ന സന്ദർഭങ്ങളിൽ ഞാനെന്റെ പെങ്ങളെ കുറിച്ചോർക്കും,അമ്മയെ കുറിച്ചോർക്കും,ഒന്നും എനിക്ക് വേണ്ടിയല്ലാ എന്നോർക്കും,എന്നെ സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടിയെന്ന് ഓർക്കും,ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത് അതൊന്ന് മാത്രമാണ്.

വീണ്ടും ആ വീഡിയോ ഇങ്ങനെ മുൻപോട്ട് പോകുന്നുണ്ട്,അതിൽ അദ്ദേഹം കൂടുതൽ ഓർമ്മകളും,കഥകളും പങ്കുവെക്കുന്നുണ്ട്,ആ ഇരുപത്തി രണ്ട് വാരക്കപ്പുറമുള്ള പലരുടെയും ലോകമിങ്ങനെയാണ്,ഓരോ ദിവസവും ആ ലോകത്ത് നിന്നുള്ള മനസ്സിൽ തട്ടുന്ന ഓരോ കഥകൾ നമ്മുക്ക് മുൻപിലേക്ക് ആരെങ്കിലും ഇങ്ങനെ വെച്ചു നീട്ടും,ആ കഥകളിൽ ചിന്നപ്പംപെട്ടിയിലെ ടെന്നിസ് ബോൾ ടൂർണമെന്റുകളിൽ നിന്നും വന്ന് സാക്ഷാൽ ഡിവില്ലിയേഴ്‌സിന്റെ പോലും പ്രതിരോധത്തിന് മേൽ ചോദ്യമുന്നയിക്കുന്ന നടരാജന്മാരുടെ കഥകളുണ്ടാകും,മഞ്ഞുമൂടിയിറങ്ങിയ കാശ്മീരിൻറെ കൈവഴികളിൽ പച്ചക്കറി വിൽക്കുന്നൊരച്ഛന് അഭിമാനിക്കാൻ വഴിയൊരുക്കുന്ന ഉമ്രാൻ മാലിക്കുമാരുടെ കഥയുണ്ടാകും,ലക്ഷങ്ങളുടെ കടത്തിൽ ആ വീട് മുങ്ങുമ്പോഴും തന്റെ ഭാവി ക്രിക്കറ്റാണെന്ന് ഉറപ്പിച്ച് അതിന് വേണ്ടി രാപ്പകൽ കഷ്ടപ്പെട്ട് IPL ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആ കടത്തെ ഇല്ലായ്മ ചെയുന്ന റിങ്കൂ സിങ്ങുമാരുടെ കഥകളുണ്ടാകും,ഒരു മുടി വെട്ടുകാരന്റെ മകന് ക്രിക്കറ്റ് എന്നത് കിട്ടക്കാനിയെന്ന് എഴുതിത്തള്ളിയവരുടെ മുൻപിൽ നിന്ന് മത്സരങ്ങൾ വിജയിപ്പിക്കുന്ന കുൽദീപ് സെൻമാരുടെ കഥകളുണ്ടാകും,ഒരു വഴിയോരക്കച്ചവടക്കാരന്റെ മകൻ യൂത്ത് ലോകകപ്പിലെ തരമായി തീർന്നത് പോലെയുള്ള ഒരുപാട്,അനേകായിരം കേട്ട് മറന്നതും കേൾക്കാതെ പോയതുമായ ഒരുപാട് ഒരുപാട് കഥകളുണ്ടാകും!

ആ കഥകൾ കേട്ട് മറന്നുകൊണ്ട് ഓരോ ദിവസങ്ങളിങ്ങനെ കടന്ന് പോകുമ്പോൾ,വീണ്ടും ഓരോ പുതിയ കഥകളിങ്ങനെ മുന്നോട്ട് വന്നുകൊണ്ടിരിക്കും,ആ കഥകൾ പറഞ്ഞ് തരാൻ ഇയാൻ ബിഷപ്പുമാരും,ഹർഷാ ബോഗ്ലെമാരുമൊക്കെ കമന്ററി ബോക്സിൽ സ്ഥാനം കണ്ടെത്തും,അവിടെ നിന്നും അവർ വീണ്ടുമിങ്ങനെ ഉറക്കെ വിളിച്ചു പറയും ഈ ക്രിക്കറ്റ് ഫീൽഡിനും,ആ ഗയിമിനുമപ്പുറം ഒരു ലോകമുണ്ടെന്നും,നുള്ളിയാൽ നോവുന്ന വീഴ്ചകളിൽ പതറുന്ന,മാംസവും രക്തവും മനസ്സുമുള്ള വെറും പച്ചയായ മനുഷ്യരാണ് അവരുമെന്നും,അവർക്കുള്ളിളും ഒന്ന് തോൽക്കുമ്പോൾ,പതറിപ്പോകുമ്പോൾ അതിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കെൽപ്പുള്ള,വീണിടത്ത് നിന്നും ശക്തിയാർജിച്ച് തിരിച്ചടിക്കാൻ കെൽപ്പുള്ള “രാഹുൽ തെവാട്ടിയ” മാരുടെ മനസ്സുണ്ടെന്നും.