രോഹിത് ക്യാപ്റ്റൻസിക്ക് ഒരു പ്രശ്നമുണ്ടല്ലോ!! വിമർശിച്ച് മുൻ താരം

കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിജയിച്ചതോടെ, അഞ്ച് കളികൾ അടങ്ങിയ പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. ഈ പരമ്പര നേട്ടത്തോടെ, ഇന്ത്യയുടെ സ്ഥിര ക്യാപ്റ്റനായി രോഹിത് ശർമ സ്ഥാനമേറ്റതിനുശേഷം, അദ്ദേഹത്തിന് കീഴിൽ സ്വദേശത്തോ വിദേശത്തോ ഇന്ത്യ ഒരു പരമ്പര പോലും കൈവിട്ടിട്ടില്ല എന്ന റെക്കോർഡ് തുടരുകയാണ്.

എന്നാൽ, രോഹിത് ശർമയുടെ ക്യാപ്റ്റൻസിൽ ചില പാളിച്ചകൾ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. രോഹിത് ശർമ തിരഞ്ഞെടുക്കുന്ന ബൗളിംഗ് പാറ്റേൺ ആണ് പാർഥിവ് പട്ടേലിന്റെ വിമർശനത്തിന് കാരണം. രോഹിത് എല്ലാ കളികളിലും ഒരേ ബൗളിംഗ് പാറ്റേൺ ആണ് ഉപയോഗിക്കുന്നത് എന്നും, ഇത് ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് പാർഥിവ് പട്ടേൽ പറയുന്നത്.

“രോഹിത്തിന്റെ ബൗളിംഗ് പാറ്റേൺ എല്ലാ മത്സരങ്ങളിലും ഒരുപോലെയാണ്‌. അതായത്, എല്ലാ കളികളിലും ഒരു ഇടങ്കയ്യൻ സ്പിന്നർ ആയിരിക്കും, ഇന്നിംഗ്സിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ഓവർ ബോൾ ചെയ്യുക. രവീന്ദ്ര ജഡേജ ടീമിൽ ഉണ്ടെങ്കിൽ, ബോൾ അദ്ദേഹത്തിനെ ഏൽപ്പിക്കും, അല്ലെങ്കിൽ അക്സർ പട്ടേൽ ആണെങ്കിൽ, അക്സർ പട്ടേൽ ആയിരിക്കും ഈ ഓവർ ബോൾ ചെയ്യുക. ഇങ്ങനെയുള്ള പാറ്റേണുകൾ എല്ലാ മത്സരങ്ങളിലും രോഹിത് ഒരുപോലെയാണ് ഉപയോഗിക്കുന്നത്,” പാർഥിവ് പട്ടേൽ പറയുന്നു.

“ഇക്കാര്യം എതിർ ടീമുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ബൗളിംഗ് പാറ്റേണുകൾ മാറ്റി പരീക്ഷിക്കേണ്ടതുണ്ട്. നാല്, അഞ്ച് ഓവറുകളിലേക്ക് എന്തുകൊണ്ട് അർഷദീപ് സിംഗിന് ഉപയോഗിച്ചുകൂടാ,” പാർഥിവ് പട്ടേൽ പറഞ്ഞു. അർഷദീപ് സിംഗിന്റെ സമീപകാല പ്രകടനങ്ങളെ പാർഥിവ് പട്ടേൽ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഓഗസ്റ്റ് 18 മുതൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കും.