ടീമിനായി അതും ചെയ്യാൻ കോഹ്ലി തയ്യാറാകണം : സൂചന നൽകി മുൻ താരം

വരാൻ പോകുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിരാട് കോഹ്‌ലി രോഹിത് ശർമയ്ക്ക് ഒപ്പം ഓപ്പണിംഗ് ചെയ്തേക്കാം എന്ന സൂചന നൽകി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ. ക്രിക്‌ബസ് ചാനലിൽ നടന്ന ഒരു സംവാദത്തിന് ഇടയിലാണ് പട്ടേൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇന്ത്യയുടെ സ്ഥിരം ഓപ്പണിംഗ് ചോയ്സ് ആയ കെ എൽ രാഹുൽ തുടർച്ചയായ പരിക്കുകൾ മൂലം ടീമിൽ സ്ഥിര സാന്നിധ്യം ആകാൻ സാധിക്കാത്തത് കൊണ്ട് വിരാട് കോഹ്‌ലി ആ റോൾ ഏറ്റെടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഐപിഎല്ലിൽ വിരാട് കോഹ്‌ലി ഉൾപ്പെട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ സഹതാരങ്ങൾ ആയിരുന്നു കോഹ്‌ലിയും പട്ടേലും. കോഹ്‌ലിയെ ഓപ്പണർ ആയി ഇറക്കിയാൽ മികച്ചൊരു ടീം ബാലൻസ് കൈവരിക്കാൻ കഴിയും എന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ എട്ട് മാസത്തോളമായി കെ എൽ രാഹുൽ ഇന്ത്യയ്ക്കായി ഒരു അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം പോലും കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം ഒരുപാട്യുവതാരങ്ങൾക്ക് ഓപ്പണർ ആയി അവസരം നൽകി വന്നിരുന്നു. ഇഷാൻ കിഷൻ, റുതുരാജ് ഗായക്വാദ്, സഞ്ജു സാംസൺ, റിഷഭ് പന്ത്, പിന്നെ ദേ ഇപ്പൊൾ സൂര്യകുമാർ യാദവ് വരെ ഓപ്പണർ ആയി ഇറങ്ങി. എന്നിരുന്നാലും ഈ മാസം അവസാനത്തോടെ അരങ്ങേറുന്ന ഏഷ്യ കപ്പിൽ വിരാട് കോഹ്‌ലിയും നായകൻ രോഹിത് ശർമയും ഒന്നിച്ച് ഇറങ്ങുന്നത് കാണാനായി എല്ലാവരും ആഗ്രഹിക്കുന്നു.

വിരാട് കോഹ്‌ലിയുടെ ഫോമിൽ തനിക്ക് യാതൊരു ആശങ്കയും ഇല്ലെന്നാണ് പട്ടേൽ പറയുന്നത്. അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ എത്രയോ വിലപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വരുന്ന ഓഗസ്റ്റ് 28 ന്‌ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തോടെയാണ് ഇന്ത്യയുടെ ഏഷ്യ കപ്പ് മത്സരങ്ങൾ  ആരംഭിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.