ഇന്ത്യക്ക് ഐസിസി കിരീടങ്ങൾ ഇല്ല 😱😱കാരണം നിരത്തി മുൻ താരം

2013 ഐസിസി ചാമ്പ്യൻസ്‌ ട്രോഫി നേടിയതിനു ശേഷം ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാൻ ആയിട്ടില്ല എന്നത് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേട് തന്നെയാണ്. 2015, 2019 വേൾഡ് കപ്പുകളിൽ സെമിയിൽ പുറത്തായ ഇന്ത്യ, 2017 ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ഈ പരാജയങ്ങളെക്കുറിച്ച് ഇപ്പോൾ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഒരു വിശകലനം നടത്തിയിരിക്കുകയാണ്.

2019 ഐസിസി വേൾഡ് കപ്പിൽ സെമിഫൈനലിൽ 18 റൺസിന് ന്യൂസിലാൻഡിനോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി അർധ സെഞ്ചുറി നേടി ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും, അദ്ദേഹം നിർഭാഗ്യകരമായ റൺഔട്ടിൽ പുറത്തായതോടെയാണ് ഇന്ത്യ പരാജയം ഉറപ്പിച്ചത്. ഈ മത്സരത്തിൽ ഏഴാമനായിയാണ്‌ ധോണി ക്രീസിൽ എത്തിയത്, ഇതിനെ കുറിച്ചാണ് പാർഥിവ് പട്ടേൽ ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

“ആ മത്സരത്തിൽ (2019 സെമി ഫൈനൽ) ഞങ്ങൾ അഞ്ചാമതായി ദിനേശ് കാർത്തിക്കിനെയും ഏഴാമതായി ധോണിയെയുമാണ് ഇറക്കിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ടീമിനെ ജയിപ്പിക്കാനുള്ള കഴിവ് ധോണിക്ക് ഉണ്ട് എന്ന് അറിയാം. എന്നാൽ, അദ്ദേഹം എങ്ങനെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് കളി ജയിപ്പിക്കും എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” മത്സരത്തിൽ ധോണിയെ നേരത്തെ ഇറക്കാത്തതിനെ കുറിച്ചാണ് പാർഥിവ് പട്ടേൽ പറയുന്നത്.

“അതേസമയം, 2015 വേൾഡ് കപ്പിൽ ഇന്ത്യൻ ടീം പൂർണ്ണ സജ്ജരായിരുന്നില്ല. ഒരു മികച്ച നാലാം നമ്പർ ബാറ്ററെ പോലും ഇന്ത്യക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 2017 ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ടോസ് കോൾ തെറ്റായി. ഓവലിലെ പിച്ചിൽ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം, മത്സരഫലം ഇന്ത്യക്ക് പ്രതികൂലമാക്കി,” പാർഥിവ് പട്ടേൽ പറഞ്ഞു. എസിസി ഏഷ്യ കപ്പ്, ഐസിസി ടി20 വേൾഡ് കപ്പ് എന്നീ പ്രധാന ടൂർണമെന്റുകളാണ് ഈ വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്.