ഈ മാറ്റങ്ങൾ എല്ലാം അവനായി : അവൻ ഉടനെ ആ നമ്പറിൽ എത്തും!!പാർഥിവ് പട്ടേൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 യിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ കാണാൻ ഇടയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മക്കൊപ്പം സൂര്യകുമാർ യാദവ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ എത്തിയത് തന്നെ കാണികൾക്ക് പുതുമയുള്ളതായിരുന്നു. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരും നാലാം നമ്പറിൽ ഋഷഭ് പന്തുമാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടി ബാറ്റ്‌ ചെയ്യാൻ എത്തിയത്.

ഈ മാറ്റങ്ങളുടെ പിന്നിലെ ലക്ഷ്യം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. “ടീം ഇന്ത്യയുടെ ഓപ്പണർ റോളിൽ സൂര്യകുമാർ യാദവ് എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം രോഹിത് ശർമ്മ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അതായത് ടീമിൽ ഇപ്പോഴും ചില വിടവുകൾ ഉണ്ടെന്നും, അവ തങ്ങൾ പരിഹരിക്കും എന്നും രോഹിത് നേരത്തെ പറഞ്ഞിരുന്നു,” പാർഥിവ് പട്ടേൽ പറയുന്നു.

“ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ പരീക്ഷിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓപ്പണറുടെ റോളിൽ ഋഷഭ് പന്തിന് അവസരം നൽകിയിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഓപ്പണറുടെ റോളിൽ ഇനിയുള്ള കളികളിലും സൂര്യകുമാർ യാദവിന് അവസരം നൽകാനാണ് സാധ്യത. രവീന്ദ്ര ജഡേജയെ പവർ പ്ലേ ഓവറുകളിൽ ബൗളിംഗിൽ പരീക്ഷിക്കാനും സാധ്യതകളുണ്ട്,” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പറഞ്ഞു.

അതേസമയം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ടീമിൽ ഉൾപ്പെടുത്താൻ ഇപ്പോഴും മാനേജ്മെന്റ് വളരെയധികം താൽപര്യം കാണിക്കുന്നുണ്ട് എന്നും പാർഥിവ് പട്ടേൽ ചൂണ്ടിക്കാട്ടി. ” കോഹ്ലി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഫോമിലേക്ക് മടങ്ങിയെത്താൻ ഏകദിന പരമ്പര കോഹ്ലിക്ക് വളരെ ഉപകാരപ്രദമാകുമായിരുന്നു. ധവാനും ഗില്ലും കളിച്ചത് പോലെ, കോഹ്‌ലിക്കും അനായാസം 70-80 സ്കോർ ചെയ്യാൻ സാധിക്കുമായിരുന്നു,” പാർഥിവ് പട്ടേൽ പറഞ്ഞു.