സഞ്ജുവിന്റെ യുവ രത്നങ്ങൾ :കഷ്ടപ്പാടുകളെ തരിപ്പണമാക്കിയ സ്റ്റാറുകൾ

എഴുത്ത് :നന്ദകുമാർ പിള്ള(ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് );റയാൻ പരാഗ് എന്ന കൗമാരക്കാരൻ ഇന്ന് ഉറങ്ങുന്ന കാര്യം സംശയമാണ്.ഇത്രയും സന്തോഷം മനസിനുള്ളപ്പോൾ ഒരാൾക്ക് എങ്ങനെയാ ഉറങ്ങാൻ ആകുക.ഇതുവരെയുള്ള അയാളുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി ഒരുപക്ഷെ ഇന്നായിരിക്കും.ടീമിന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് മികച്ച ഇന്നിംഗ്സ്. അതും, മോശം ഫോമിന്റെ പേരിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകളും പരിഹാസവും കേട്ടുകൊണ്ടിരിക്കുന്ന സമയത്ത്.

ഫീൾഡിലോ, പന്ത് ശെരിക്കും പരാഗിനെ പിന്തുടരുകയായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. തന്റെ നേരെ വന്ന നാലു ക്യാച്ചുകളും ആ പയ്യൻ കയ്യിൽ ഒതുക്കി. ഇത്രയേറെ പഴികൾ കേട്ടിട്ടും രാജസ്ഥാൻ ടീം മാനേജ്‌മന്റ് എന്തുകൊണ്ട് പരാഗിനെ ടീം ഇലവനിൽ നില നിർത്തി എന്നതിന് തീർച്ചയായും ഇന്ന് ഉത്തരം കിട്ടി..
പരാഗിനെ കുറ്റപ്പെടുത്തിയ ഒരാളെയും കുറ്റപ്പെടുത്താൻ ഞാൻ തയ്യാറല്ല. കാരണം, അത്രക്ക് മോശം ഫോമിലാണ് അയാൾ കളിച്ചുകൊണ്ടിരുന്നത്. ആരും കുറ്റം പറഞ്ഞു പോകും. പക്ഷെ, ആ കൗമാരം വിട്ടു മാറാത്ത മുഖത്തു നോക്കി എങ്ങനെ കുറ്റം പറയും എന്ന ഒരൊറ്റ കാരണത്താൽ, ഭാഗ്യത്തിന് ഞാൻ എവിടെയും പരാഗിനെ കുറിച്ച് ഒരു കുറ്റവും എഴുതിയില്ല

മാസം 8000 രൂപ മാത്രം വരുമാനമുള്ള ബാർബർ രാംപാൽ സെന്നിന് ഏപ്രിൽ 11, 2022 തിങ്കളാഴ്ച് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സാധാരണ ഗതിയിൽ ഒരു മാസം അദ്ദേഹത്തിനെ കടയിൽ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ആയിരുന്നു ആ ഒരൊറ്റ ദിവസം ആ കടയിലെത്തിയത്.അവരെല്ലാം വന്നത് മുടി വെട്ടിക്കുക എന്നതിലുപരി, അവസാന ഓവറിൽ 15 റൺസ് വേണ്ടപ്പോൾ, മാർക്കസ് സ്റ്റോയ്‌നിസ് എന്ന മികച്ച ഇന്റർനാഷണൽ ഓൾ റൗണ്ടറെ അതിൽ നിന്ന് തടഞ്ഞ കുൽദീപ് സെൻ എന്ന ഹീറോയുടെ അച്ഛനെ കണ്ട്, ആ മകനെ പ്രശംസിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയായിരുന്നു. അത് ഒരു ഫ്ലൂകെ ആയിരുന്നില്ല എന്ന് കുൽദീപ് സെൻ ഇന്ന് തെളിയിച്ചു. ഡുപ്ലെസി, മാക്‌സ്‌വെൽ എന്നീ താരങ്ങളെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തണമെങ്കിൽ അത് ഭാഗ്യം കൊണ്ട് മാത്രം സാധിക്കില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം.

സിറാജിനെപ്പോലെ, സമൂഹത്തിലെ താഴെക്കിടയിൽ നിന്നൊരാൾ വളർന്നു വന്ന് ഇങ്ങനെ ശോഭിക്കുമ്പോൾ നമുക്ക് അയാളെ കൂടുതൽ പ്രോത്സാഹിപ്പിക്കാം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കാം, അയാളുടെ കൂടെ നിൽകാം.പണ്ട് കുട്ടിക്കാലത്ത് എന്നെ കാണുമ്പോൾ എല്ലാം എന്റെ മൂക്ക് ചെത്തിയെടുക്കും എന്ന് പറയുന്നൊരു മാമൻ ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. കുട്ടികളെ വെറുതെ പേടിപ്പിക്കുക എന്നതായിരുന്നു ആ മനുഷ്യന്റെ വിനോദം. അതുകൊണ്ട് തന്നെ, ഞാൻ അടക്കമുള്ള കുട്ടികൾക്ക് അയാളെ കാണുമ്പോൾ വല്ലാത്തൊരു പേടിയാണ്. ആ പേടിയാണ് സഞ്ജുവിന് ഹസരംഗയെ കാണുമ്പോൾ ഉള്ളതെന്ന് തോന്നുന്നു. എന്നാൽ തനിക്ക് പേടിയില്ല എന്ന് കാണിക്കാൻ ഉള്ള സഞ്ജുവിന്റെ ശ്രമം എല്ലായ്‌പ്പോഴും ഹസാരംഗയ്ക്ക് വിക്കറ്റ് കൊടുക്കുക എന്നതിലാണ് അവസാനിക്കുന്നത്. അത് മാറ്റിയെടുക്കാൻ സഞ്ജു ആത്മാർഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു.

3 സിക്‌സറുകൾ അടിച്ച് കാണികളെ ഹരം കൊള്ളിച്ച ഒരു കാമിയോ ഇന്നിങ്‌സാണ് കളിച്ചതെങ്കിലും തികച്ചും അനാവശ്യമായ ഷോട്ടിലാണ് സഞ്ജു പുറത്തായത് എന്ന് പറയാതിരിക്കാൻ ആകില്ല. എങ്കിലും ഇത്രയും ഒരു ചെറിയ സ്കോർ പ്രതിരോധിച്ചതിന് സഞ്ജുവും ടീമും അഭിനന്ദനം അർഹിക്കുന്നു.കോലിയെ ഓപ്പണിങ്ങിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതൊരു പോസിറ്റീവ് ആറ്റിട്യൂട് ആയിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാമത്തെ ഡക്ക് എന്ന നാണക്കേടിൽ നിന്ന് കഷ്ടിച്ചാണ് പുള്ളി രക്ഷപെട്ടത്. അത് മുതലാക്കി ഒരു മികച്ച ഇന്നിംഗ്സ് കാഴ്ച്ചവെക്കും എന്ന് പ്രതീക്ഷിച്ചു. പക്ഷെ വീണ്ടുമൊരു നിരാശ കലർന്ന ചിരിയും ചിരിച്ച് ക്രീസ് വിടാനായിരുന്നു കോലിയുടെ യോഗം. ഇനി ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. കോലിയുടെ വിധി അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. പക്ഷെ, ഒരു കാര്യം പറയാതിരിക്കാൻ ആകില്ല.. സച്ചിൻ ടെണ്ടുൽക്കർ, വിവിയൻ റിച്ചാർഡ്‌സ്, റിക്കി പോണ്ടിങ് തുടങ്ങിയ മഹാരഥന്മാരുടെ ഗണത്തിൽ പെടുന്ന ഒരു താരമാണ് കോലി. പക്ഷെ അവരാരും തന്നെ ഇത്രയും ദീർഘമായ ഫോം ഔട്ടിലൂടെ കടന്നു പോയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.റയാൻ പരാഗിന്റെയും കുൽദീപ് സെന്നിന്റെയും പ്രകടനത്തിൽ മുങ്ങിപ്പോയെങ്കിലും മൂന്നു വിക്കറ്റുമായി അശ്വിനും രണ്ടു വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും അവരവരുടെ റോൾ ഭംഗിയായി നിർവഹിച്ചു. മികച്ചൊരു ടീം വർക്കിന്റെ വിജയമായിരുന്നു ഇന്നലത്തെ രാജസ്ഥാന്റെ വിജയം.അത്‌ തുടരട്ടെ.