എന്താടാ നീ കണ്ണിറുക്കി കാണിക്കുന്നത്! പരാഗും ഹർഷൽ പട്ടേലും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടി[video]

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 39-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 29 റൺസിനാണ് റോയൽസ് പരാജയപ്പെടുത്തിയത്. റൺസ് കണ്ടെത്താൻ ഇരു ടീമുകളും ബുദ്ധിമുട്ടിയ മത്സരത്തിൽ, രാജസ്ഥാൻ റോയൽസ് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബി 19.3 ഓവറിൽ 115 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഓൾറൗണ്ടർ റിയാൻ പരാഗ് ഭാരിച്ച ഉത്തരവാദിത്തം തന്റെ ചുമലിലേറ്റി സ്കോർ മുന്നോട്ട് ചലിപ്പിച്ചു. ഒടുവിൽ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ, 31 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 56 റൺസാണ് പരാഗ് നേടിയത്.എന്നാൽ, ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷം പരാഗ് ഡഗ്ഔട്ടിലേക്ക് നടന്നുനീങ്ങുന്നതിനിടെ, ആർസിബി ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇരുവരും നടന്ന് പരസ്പരം അടുക്കുകയും കടുത്ത ഭാഷയിൽ ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്യുന്നത് ക്യാമറ കണ്ണുകളിൽ പതിഞ്ഞു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഒരു സപ്പോർട്ടിങ് സ്റ്റാഫ് അംഗം ഹർഷൽ പട്ടേലിനെ തടഞ്ഞു വെക്കുന്നതും കാണാമായിരുന്നു. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ 2 സിക്സും ഒരു ഫോറും ഉൾപ്പടെ 18 റൺസ് പരാഗ് നേടിയിരുന്നു.

മത്സരത്തിലേക്ക് വന്നാൽ, രാജസ്ഥാൻ ഉയർത്തിയ സീസണിലെ താരതമ്യേനെ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ആർസിബി നിരയിൽ ബാറ്റർമാർ ആരും തന്നെ കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാതെ വന്നതോടെ, മത്സരം ആർസിബിയുടെ കയ്യിൽ നിന്ന് റോയൽസ് ബൗളിംഗ് ഡിപ്പാർട്മെന്റ് തട്ടിയെടുത്തു. റോയൽസിന് വേണ്ടി യുവ പേസർ കുൽദീപ് സെൻ 4-ഉം അശ്വിൻ 3-ഉം വിക്കറ്റുകൾ വീഴ്ത്തി.