മുഹമ്മദ്‌ ഷമിയുടെ കിടിലൻ യോർക്കർ ; രാജസ്ഥാൻ റോയൽസ് ഫിനിഷറുടെ കണ്ണ് തള്ളി

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 15-ാം പതിപ്പിന്റെ ചാമ്പ്യന്മാരായി. ഇതോടെ 2008-ന് ശേഷം ഒരു കിരീടം എന്ന മോഹവുമായി ഇറങ്ങിയ സഞ്ജു സാംസണും കൂട്ടർക്കും കനത്ത നിരാശയായി. മുൻ മത്സരങ്ങളിലെല്ലാം ടീമിന്റെ കരുത്തായ ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് ഫൈനലിൽ റോയൽസിന് തിരിച്ചടിയായത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഓപ്പൺ യശാവി ജയിസ്വാൾ (22) മികച്ച രീതിയിൽ തുടങ്ങിയെങ്കിലും നാലാം ഓവറിൽ യാഷ് ദയാലിന് വിക്കറ്റ് സമ്മാനിച്ച് ജയിസ്വാൾ മടങ്ങി. തുടർന്ന്, ക്യാപ്റ്റൻ സഞ്ജു സാംസൺ (14), ദേവ്ദത് പടിക്കൽ (2), ഷിംറോൻ ഹെറ്റ്മയർ (11), രവിചന്ദ്രൻ അശ്വിൻ (6) എന്നിവരെല്ലാം രാജസ്ഥാൻ റോയൽസ് ആരാധകരെ നിരാശപ്പെടുത്തി.

സ്റ്റാർ ബാറ്റർ ജോസ് ബട്ട്ലർ 35 പന്തിൽ 39 റൺസ് നേടി ടീമിന്റെ ടോപ് സ്കോറർ ആയെങ്കിലും, മികച്ച ഫോമിലുള്ള ഇംഗ്ലീഷ് ബാറ്റർ വലിയ സ്കോർ കണ്ടെത്താതിരുന്നതും റോയൽസിന് തിരിച്ചടിയായി. ഏറ്റവും ഒടുവിൽ 16-ാം ഓവറിൽ ഏഴാമനായി ക്രീസിലെത്തിയ റിയാൻ പരാഗിൽ റോയൽസ് ക്യാമ്പ് വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്നു. ഓൾറൗണ്ടർ അവസാന 5 ഓവറിൽ ഒരു ഫിനിഷറുടെ റോൾ ഏറ്റെടുക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.

എന്നാൽ, 15 ബോളിൽ 15 റൺസ് മാത്രമാണ് പരാഗ് നേടിയത്. ഇന്നിംഗ്സിന്റെ അവസാന ബോളിൽ, മുഹമ്മദ്‌ ഷമിയുടെ ഒരു കിടിലൻ യോർക്കറിൽ ക്ലീൻ ബൗൾഡായി പരാഗ് മടങ്ങുകയും ചെയ്തു. ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 3 വിക്കറ്റുകൾ വീഴ്ത്തി.