അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ റിയാൽ പരാഗ് വരുത്തിയ പിഴവ് സഞ്ജുവിനു സംഘത്തിനും കനത്ത തിരിച്ചടിയായി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമാണ് രാജസ്ഥാൻ ബൗളർമാർ കാഴ്ചവെച്ചത്.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ ആർസിബിയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ (7) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് പ്രസിദ് കൃഷ്ണയാണ് ആർസിബിക്ക് ആഘാതം ഏൽപ്പിച്ചത്. തുടർന്ന്, കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേട്ടക്കാരനായ രജത് പാട്ടിദാറും ഫാഫ് ഡ്യൂപ്ലിസിസും ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചു. എന്നാൽ, ഇന്നിംഗ്സിന്റെ 6-ാം ഓവറിൽ തന്നെ രാജസ്ഥാൻ റോയൽസിന് ഈ കൂട്ടുകെട്ട് തകർക്കാൻ ഒരു അവസരം വന്നുചേർന്നു.

എന്നാൽ, നിർഭാഗ്യം വിനയായതോടെ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ റിയാൻ പരാഗ് രജത് പാട്ടിദാറിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. പ്രസിദ് കൃഷ്ണയുടെ ബോൾ ബാക്ക്ഫൂട്ട് ഡ്രൈവിന് ശ്രമിച്ച രജത് പാട്ടിദാറിനെ പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന റിയാൻ പരാഗിന് ക്യാച്ച് എടുക്കാൻ അവസരം ലഭിച്ചു. എന്നാൽ, ഉയർന്ന് വന്ന പന്തിന് നേരെ രണ്ട് കൈകളും നീട്ടി ചാടിയെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാൻ പരാഗിന് സാധിച്ചില്ല.
— Cric Zoom (@cric_zoom) May 27, 2022
എന്നിരുന്നാലും, ഇന്നിംഗ്സിന്റെ 11-ാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിനെ (25) പുറത്താക്കി ഒബദ് മക്കോയ്, രണ്ടാം വിക്കറ്റിലെ 70 റൺസ് കൂട്ടുകെട്ട് തകർത്തു. എലിമിനേറ്റർ മത്സരത്തിൽ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ രജത് പാട്ടിദാർ ഈ മത്സരത്തിലും അർധസെഞ്ചുറി നേടി തിളങ്ങി. 42 പന്തിൽ 4 ഫോറും 3 സിക്സും സഹിതം 58 റൺസെടുത്ത രജത് പാട്ടിദാറിനെ രവിചന്ദ്രൻ അശ്വിൻ ആണ് മടക്കിയത്.