തെറ്റുകൾ ആർക്കാണ് സംഭവിക്കാത്തത് 😱റിഷാബ് പന്തിന് കട്ട സപ്പോർട്ടുമായി കോഹ്ലി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്‌ തുടർച്ചയായി ടെസ്റ്റ്‌ മത്സരങ്ങളിൽ വലിയ റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതിന് പിന്നാലെ, വിക്കറ്റ് കീപ്പറെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം എന്ന തരത്തിൽ താരത്തെ വിമർശിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ അഭിപ്രായപ്രകടനങ്ങൾ നടത്തിവരികയാണ്. ഋഷഭ് പന്തിന്റെ അശ്രദ്ധമായ ബാറ്റിംഗ് സമീപനം ഉൾപ്പെടുന്ന ചർച്ചകൾക്കിടയിൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയിൽ നിന്ന് തനിക്ക് ലഭിച്ച ഒരു ഉപദേശം പ്രസ്ഥാവിച്ച് യുവ ഇന്ത്യൻ വിക്കറ്റ് കീപ്പറെ പിന്തുണച്ചുകൊണ്ട് ഇന്ത്യയുടെ ടെസ്റ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്തെത്തി.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ നടന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിൽ, നാല് ഇന്നിംഗ്സുകളിലായി 8,34,17,0 എന്നിങ്ങനെയാണ് ഋഷഭ് പന്ത്‌ സ്കോർ ചെയ്തിരിക്കുന്നത്.ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 24 കാരനായ പന്ത് റൺസ് ഒന്നും എടുക്കാതെ ഒരു മോശം ഷോട്ട് കളിച്ച് പുറത്തായിരുന്നു. അതോടെ യുവതാരത്തിന്റെ അശ്രദ്ധമായ ബാറ്റിംഗ് സമീപനം ക്രിക്കറ്റ്‌ വിദഗ്ധരും ആരാധകരും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു.എന്നാൽ ഈ വിമർശനങ്ങൾക്കിടയിലും, കളിയിൽ തെറ്റുകൾ സംഭവിച്ചാൽ അത് അംഗീകരിക്കുകയും അവ തിരുത്തി മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് വിരാട് കോഹ്‌ലി പന്തിനെ പിന്തുണച്ചു.

“ഞങ്ങൾ പരിശീലനത്തിനിടെ ഋഷഭ് പന്തുമായി സംസാരിച്ചിരുന്നു. ഒരു ബാറ്റർ സാഹചര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കുന്ന ഷോട്ട്, അവന്റെ ഒരു നിമിഷത്തെ ചിന്തയുടെ അടിസ്ഥാനത്തിലാണ്. പല പ്രധാനപ്പെട്ട സന്ദർഭങ്ങളിലും എല്ലാവർക്കും കരിയറിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാവും,” കോഹ്‌ലി പറയുന്നു.”ആ സന്ദർഭത്തിൽ ഞങ്ങൾ എല്ലാവരും പുറത്തായി, ചിലപ്പോൾ സമ്മർദ്ദം കാരണം, ചിലപ്പോൾ ബൗളറുടെ കഴിവ് കാരണം. അദ്ദേഹത്തിന്റെ ആ നിമിഷത്തെ മാനസികാവസ്ഥ എന്തായിരുന്നു, എന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ഒരു കളിക്കാരൻ അദ്ദേഹത്തിന് സംഭവിച്ച തെറ്റ് എന്തായിരുന്നു എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്, തീർച്ചയായും അത് പരിഹരിച്ച് മെച്ചപ്പെടുത്തുകയും ചെയ്യും,” കോഹ്‌ലി പറഞ്ഞു.

ഈ അവസരത്തിൽ ധോണിയിൽ നിന്ന് തനിക്ക് ലഭിച്ച സന്ദർഭാനുസൃതമായ ഒരു ഉപദേശവും കോഹ്‌ലി അനുസ്മരിച്ചു. “നിങ്ങളുടെ ഭാഗത്ത്‌ നിന്ന് വരുന്ന രണ്ട് പിഴവുകൾക്കിടയിൽ 7-8 മാസത്തെ ഇടവേളയുണ്ടാകണം, അപ്പോൾ മാത്രമേ നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ കരിയർ നിലനിർത്താൻ കഴിയു എന്ന് എംഎസ് ധോണി എന്നോട് പറഞ്ഞതായി ഞാൻ ഇപ്പോൾ ഓർക്കുന്നു. ഇക്കാര്യം ഞാൻ എന്റെ സഹകളിക്കാരോടും പറയാറുണ്ട്,” കോഹ്ലി കൂട്ടിച്ചേർത്തു