ഹാർദിക്കിന് വേണ്ടി സ്വയം ബ ലിയാടായി ഋഷഭ് പന്ത് ; കയ്യടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നിരാശയോടെ മടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തിൽ ഒരു വിക്കറ്റ് പോലും നേടാൻ ആയില്ല എന്നത് ഇന്ത്യൻ ബൗളർമാരെ വിമർശനത്തിന് വിധേയമാക്കിയതിനൊപ്പം, നിർണായ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ബാറ്റർമാരും ഇന്ത്യയുടെ പരാജയത്തിന്റെ കാരണക്കാരാണ്.

എന്നാൽ, മത്സരത്തിൽ ഋഷഭ് പന്തിന്റെ ഭാഗത്തുനിന്ന് വന്ന ഒരു പ്രവർത്തി അഭിനന്ദനാർഹമാണ്. ഋഷഭ് പന്തിന്റെ നിസ്വാർത്ഥപരമായ പെരുമാറ്റം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കൈയ്യടികൾക്ക് അർഹമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ദിനേശ് കാർത്തിക്കിന് പകരം ടീമിൽ ഇടം നേടിയ ഋഷഭ് പന്ത്, 7-ാം നമ്പറിൽ ആണ് ക്രീസിൽ എത്തിയത്. 4 പന്തിൽ ഒരു ഫോർ ഉൾപ്പടെ 6 റൺസ് മാത്രമാണ് പന്ത് സ്കോർ ചെയ്തത്.

എന്നാൽ, ഋഷഭ് പന്ത് ഔട്ട്‌ ആയ രീതിയാണ് ശ്രദ്ധേയമാകുന്നത്. ക്രിസ് ജോർദാൻ എറിഞ്ഞ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ മൂന്നാം ബോൾ ഋഷഭ് പന്തിന് ഹിറ്റ്‌ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, അപ്പോഴേക്കും നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന ഹാർദിക് പാണ്ഡ്യ ക്രീസ് വന്നിരുന്നു മുന്നോട്ട് വന്നിരുന്നു. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ ബോൾ ക്രിസ് ജോർദാന് ത്രോ ചെയ്യുകയും ചെയ്തു. എന്നാൽ, മികച്ച ഫോമിൽ കളിക്കുന്ന ഹാർദിക്കിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തരുത് എന്ന ഉദ്ദേശത്തോടെ, ഋഷഭ് പന്ത് നോൺ സ്ട്രൈക്ക് എൻഡിലേക്ക് ഓടുകയായിരുന്നു.

ഹാർദിക്കിന്റെ വിക്കറ്റ് സുരക്ഷിതമാക്കി കൊണ്ട് ഋഷഭ് പന്ത് പവലിയനിലേക്ക് നടന്നു നീങ്ങുമ്പോൾ, തനിക് യാതൊരു പരിഭവവും ഇല്ല എന്ന ആക്ഷൻ ഹാർദിക്കിന് നേരെ ഋഷഭ് പന്ത് കാണിക്കുകയും ചെയ്തു. ഋഷഭ് പന്തിന്റെ അവസരോചിതമായ ഈ തീരുമാനത്തിലാണ് ആരാധകർ കയ്യടിക്കുന്നത്. അതേസമയം, ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോർഡുകൾ ഉള്ള ഋഷഭ് പന്തിനെ നേരത്തെ ഇറക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ ആരാധകർ ചോദ്യം ചെയ്യുകയും ചെയ്തു.