ഇന്ത്യയെ സ്വാഗതം ചെയ്ത് പാക് ആരാധകന്റെ ബാനർ ; ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധേയമായ സംഭവം ഇങ്ങനെ

ലോകക്രിക്കറ്റിലെ ചിരവൈരികളാണ് ഇന്ത്യയും പാക്കിസ്ഥാനും. എന്നാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ദശാബ്ദമായി ഒരു ഉഭയകക്ഷി പരമ്പര പോലും കളിച്ചിട്ടില്ല എന്നതാണ് വസ്തുത. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വിഷയമാണ് ക്രിക്കറ്റിനെയും ബാധിച്ചിരിക്കുന്നത്. എന്നാൽ, ഇരു രാജ്യങ്ങളിലെയും ആരാധകർ അടുത്ത ഇന്ത്യ – പാക് മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇന്ത്യ – പാക് മത്സരങ്ങളിൽ ഇരു രാജ്യത്തെയും ആരാധകർ തമ്മിൽ വാക്കുകൾ കൊണ്ടും ആവേശം കൊണ്ടും പോരടിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ഒരു പാകിസ്താൻ ആരാധകൻ ഉയർത്തിക്കാണിച്ച ബാനർ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിച്ചു. പാകിസ്ഥാനിലെ മുൾട്ടാനിൽ നടന്ന മത്സരത്തിൽ, ഒരു പാക് ആരാധകൻ ഇന്ത്യയെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

മുൾട്ടാൻ സ്റ്റേഡിയത്തിൽ, ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം വെസ്റ്റ് ഇൻഡീസിനെതിരായ തങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം കളിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ മൂന്നാം മത്സരത്തിലും വിജയത്തിലേക്ക് കുത്തിക്കുന്നതിനിടെ, രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യക്ക് വേണ്ടിയുള്ള സന്ദേശമടങ്ങിയ പോസ്റ്റർ പിടിച്ച് നിൽക്കുന്ന ആരാധകനെ ക്യാമറ കണ്ണുകൾ പിടികൂടി. “ഞങ്ങൾ ടീം ഇന്ത്യയെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു” എന്നാണ് പാക് ആരാധകൻ ഉയർത്തിയ ബാനറിൽ ഉണ്ടായിരുന്നത്.

2012/13 ലാണ് അവസാനമായി ഒരു ഇന്ത്യ – പാക് ഉഭയകക്ഷി പരമ്പര നടന്നത്. അന്ന്, പാക്കിസ്ഥാനെതിരായ പരിമിത ഓവർ പരമ്പരയ്ക്ക് ഇന്ത്യ ആയിരുന്നു ആതിഥേയത്വം വഹിച്ചത്. 2007/08-ൽ ഇന്ത്യയിൽ വെച്ചാണ് ഇരു ടീമുകളും അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ഐസിസി ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ്‌ തുടങ്ങിയ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പരസ്പരം കളിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം വർധിച്ചതിന് ശേഷം, ഇന്ത്യയും പാകിസ്ഥാനും ഒരു ഉഭയകക്ഷി പരമ്പരയിൽ ഏറ്റുമുട്ടിയിട്ടില്ല.