മര്യാദക്ക് ഏഷ്യ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്ക് വന്നോളൂ! ബിസിസിഐയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡുകൾ തമ്മിലുള്ള വെല്ലുവിളികൾ തുടരുന്നു. നേരത്തെ, അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ല എന്നും, ഏഷ്യ കപ്പ് വേദി പാകിസ്ഥാനിൽ നിന്ന് മാറ്റി മറ്റെവിടെയെങ്കിലും ആക്കാൻ ശ്രമിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ബിസിസിഐ സെക്രട്ടറിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരത്തിൽ മറുപടി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ റമീസ് രാജ.

ഇന്ത്യ പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ പങ്കെടുത്തില്ലെങ്കിൽ, അടുത്തവർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് പാക്കിസ്ഥാൻ ബഹിഷ്കരിക്കും എന്നാണ് റമീസ് രാജ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാൻ ടൂർണ്ണമെന്റ് ബഹിഷ്കരിച്ചാൽ, മറ്റു ടീമുകൾ എന്ത് ചെയ്യുമെന്ന് കാണാം എന്നും റമീസ് രാജ പറഞ്ഞു. ഇന്ത്യ ഏഷ്യ കപ്പ് ടൂർണമെന്റിനായി പാക്കിസ്ഥാനിൽ എത്തിയാൽ മാത്രമേ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പിനായി എത്തു എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പിസിസി പ്രസിഡന്റ്‌.

“ഇന്ത്യ ഏഷ്യ കപ്പ് ടൂർണമെന്റിനായി പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ബഹിഷ്കരിക്കും എന്നാണ് ഞങ്ങളുടെ നിലപാട്. പാകിസ്ഥാൻ ലോകകപ്പ് ടൂർണമെന്റ് ബഹിഷ്കരിച്ചാൽ മറ്റു ടീമുകളുടെ നിലപാട് എന്തായിരിക്കും എന്ന് നമുക്ക് കാണാം. ഇന്ത്യ ഏഷ്യ കപ്പ് ടൂർണമെന്റിന് പാകിസ്ഥാനിലേക്ക് വരും എന്ന് തന്നെയാണ് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്,” റമീസ് രാജ പറയുന്നു.

“2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി. കഴിഞ്ഞ ഏഷ്യ കപ്പിലും പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അതായത് ഒരു വർഷത്തിനിടയിൽ രണ്ടു തവണയാണ് ബില്യണുകൾ ആസ്തിയുള്ള ഒരു ടീമിനെ ഞങ്ങൾ പരാജയപ്പെടുത്തിയത്. അത് പാക്കിസ്ഥാൻ എത്രമാത്രം മികച്ചതാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സാമ്പത്തിക ശേഷി വർദ്ധിക്കേണ്ടതുണ്ട് എന്ന് ഞാൻ ഇപ്പോഴും പറയുന്നു,” റമീസ് രാജ പറഞ്ഞു.

Rate this post