വെങ്കിയുടെ പ്രതികാരം പടിക്കൽ വെടികെട്ട് ബാറ്റിംഗ്!!സൂപ്പർ ഹിറ്റായി ഐപിൽ താരങ്ങൾ

സയ്ദ് മുസ്താഖ് അലി ട്രോഫി 2022 ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്ന താരങ്ങൾ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഫോം ഇല്ലാത്തതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തുപോയ നിരവധി താരങ്ങളാണ്, ആഭ്യന്തര ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ തങ്ങളുടെ സംസ്ഥാനങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്.

മധ്യപ്രദേശും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിൽ മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കിട്ടേഷ് അയ്യർ ഓൾറൗണ്ട് മികവിൽ തിളങ്ങി. 31 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 200.00 സ്ട്രൈക്ക് റേറ്റോടെ 62* റൺസ് നേടി പുറത്താകാതെ നിന്ന വെങ്കിട്ടേഷ് അയ്യർ, ബൗളിംഗിലും ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് ആണ് വെങ്കിട്ടേഷ് അയ്യർ വീഴ്ത്തിയത്. വെങ്കിട്ടേഷ് അയ്യരുടെ ഓൾറൗണ്ട് മികവിൽ മധ്യപ്രദേശ് ജയം നേടുകയും ചെയ്തു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ, മഹാരാഷ്ട്രക്കെതിരെ കർണാടക ഓപ്പണർ ദേവ്ദത് പടിക്കൽ സെഞ്ച്വറി നേടി. 62 പന്തിൽ 14 ഫോറും 6 സിക്സും സഹിതം 124* റൺസ് നേടിയ ദേവ്ദത് പടിക്കൽ, ഇന്നിംഗ്സിന്റെ അവസാനം വരെ പുറത്താകാതെ ക്രീസിൽ തുടർന്നു. കർണാടകയുടെ മറ്റൊരു ബാറ്റർ മനീഷ് പാണ്ഡേ (50) അർദ്ധ സെഞ്ച്വറി പ്രകടനവുമായി മത്സരത്തിൽ തിളങ്ങി. മത്സരത്തിൽ കർണാടക മഹാരാഷ്ട്രക്കെതിരെ 99 റൺസിന്റെ വിജയം നേടി.

മറ്റൊരു മത്സരത്തിൽ, മിസോറാമിനെതിരെ മുംബൈ ഓപ്പണർ പ്രിത്വി ഷാ അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി. 34 പന്തിൽ 9 ഫോറും ഒരു സിക്സും സഹിതം 55* റൺസ് നേടി പ്രിത്വി ഷാ പുറത്താകാതെ ടീമിനെ ജയത്തിലേക്ക് നയിച്ചു. അതേസമയം, മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (9) മത്സരത്തിൽ നിരാശപ്പെടുത്തി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ടീമിലേക്ക് തിരികെ എത്താനാണ് ഇപ്പോൾ കളിക്കാർ ശ്രമിക്കുന്നത്.