പടിക്കലിനെ പിടിക്കാൻ പറന്നുയർന്ന് നാഗർക്കോട്ടി!!!സൂപ്പർ ക്യാച്ചിന്റെ വീഡിയോ കാണാം

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്നുക്കൊണ്ടിരിക്കുന്ന ഐപിഎൽ 15-ാം പതിപ്പിലെ 58-ാം മത്സരത്തിൽ ആർ അശ്വിൻ (50), ദേവ്ദത് പടിക്കൽ (48) എന്നിവരുടെ പിൻബലത്തിലാണ് രാജസ്ഥാൻ റോയൽസ്, നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസിന്, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള സ്റ്റാർ ഇംഗ്ലീഷ് ബാറ്റർ ജോസ് ബറ്റ്ലറെ (7) നഷ്ടമായി. ചേതൻ സക്കറിയയുടെ ബോളിൽ ഷാർദുൽ താക്കൂർ ക്യാച്ച് എടുക്കുകയായിരുന്നു. ശേഷം, യുവ ഓപ്പണർ യശസ്വി ജയിസ്വാളിനെ (19) മിച്ചൽ മാർഷ് ഫീൽഡർ ലളിത് യാദവിന്റെ കൈകളിൽ എത്തിച്ച് കൂടാരം കയറ്റി.

എന്നാൽ, മൂന്നാം വിക്കറ്റിലെ 53 റൺസിന്റെ ആർ അശ്വിൻ – ദേവ്ദത് പടിക്കൽ കൂട്ടുക്കെട്ട് ടീമിന് ആശ്വാസമായി. എന്നിരുന്നാലും, അർധ സെഞ്ച്വറി തികച്ച തൊട്ടടുത്ത പന്തിൽ തന്നെ അശ്വിൻ, മിച്ചൽ മാർഷിന് വിക്കറ്റ് സമ്മാനിച്ചുക്കൊണ്ട് കൂടാരം കയറി. തുടർന്ന്, രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകൾ മുഴുവൻ ദേവ്ദത്ത് പടിക്കൽ എന്ന യുവതാരത്തിലായി. എന്നാൽ, ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ ആൻറിച്ച് നോർട്ജെയുടെ ആദ്യ പന്തിൽ അർധ സെഞ്ച്വറി പൂർത്തീകരിക്കാനാകാതെ പടിക്കൽ മടങ്ങി.

നോർട്ജെയുടെ ലെഗ് കട്ടർ ഡെലിവറി, മിഡിൽ സ്റ്റംപിന് മുകളിലൂടെ ഉയർത്തി അടിക്കാൻ ശ്രമിച്ച പടിക്കലിനെ, പകരക്കാരനായി ഫീൽഡ് ചെയ്യാനെത്തിയ കമലേഷ് നാഗർക്കോട്ടിൽ ഒരു ഫ്രന്റ്‌ ഫുൾ ഡൈവിലൂടെ ക്യാച്ച് എടുക്കുകയായിരുന്നു. ഇതോടെ അവസാന ഓവറുകളിൽ അപകടകാരിയായി മാറേണ്ടിയിരുന്ന പടിക്കലിനെ നോർട്ജെ പവലിയനിലേക്ക് അയച്ചു.