എതിരാളികൾ ഭയക്കുക ഹാർദിക് പാണ്ഡ്യ ഉടൻ തിരിച്ചെത്തും ; അപ്ഡേഷൻ നൽകി സെലെക്ഷൻ കമ്മിറ്റി ചെയർമാൻ

ശനിയാഴ്ച്ച, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങിയ പരമ്പരയ്ക്ക് ഫെബ്രുവരി 24-ന് തുടക്കമാവും. രോഹിത് ശർമ്മ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയതും ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമായി.

എന്നാൽ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പേര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടെസ്റ്റ്‌, ടി20 സ്‌ക്വാഡ് ലിസ്റ്റിൽ ഉൾപ്പെടാതെയിരുന്നതോടെ, താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2021 ടി20 ലോകകപ്പിന് ശേഷം, പൂർണ്ണ ഫിറ്റ്നസ് കണ്ടെത്താനാവാതെ വന്നതോടെ, പാണ്ഡ്യ ക്രിക്കറ്റിൽ നിന്ന് സ്വയം ഒരു ഇടവേളയെടുത്ത് മാറി നിൽക്കുകയായിരുന്നു. എന്നാൽ, നെറ്റ്സിൽ ബൗളിംഗ് പരിശീലനം തുടങ്ങിയ പാണ്ഡ്യ ശ്രീലങ്കൻ പരമ്പരയിൽ തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നിരുന്നാലും, പാണ്ഡ്യയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ബിസിസിഐ സെലെക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ഇപ്പോൾ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. ബറോഡ ഓൾറൗണ്ടറെ ഉടൻ ഇന്ത്യൻ ടീമിൽ കാണാമെന്നും, എന്നാൽ 100 ​​ശതമാനം ഫിറ്റായാൽ മാത്രമേ താരത്തെ തിരഞ്ഞെടുക്കൂ എന്നും ശർമ പറഞ്ഞു.

“തീർച്ചയായും, ഇന്ത്യൻ ടീമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായിരുന്നു ഹാർദിക്. എന്നാൽ ഇപ്പോൾ, പരിക്കുകൾക്ക് ശേഷം, അവൻ തയ്യാറെടുപ്പിന്റെ പാതയിലാണ്. ബൗളിംഗ്, മാച്ച് ഫിറ്റ് എന്നീ വിവരങ്ങൾ ലഭിക്കുന്നതുവരെ അവൻ 100% ഫിറ്റല്ലെന്ന് ഞങ്ങൾ പറയും… അവൻ പൂർണ്ണ ഫിറ്റാണെന്ന് നമ്മുടെ മുന്നിൽ വിവരം വരുമ്പോൾ, തീർച്ചയായും അവൻ ടീമിൽ ഉണ്ടാവും. പ്രധാനപ്പെട്ട കളിക്കാരൻ, ഞങ്ങൾ അദ്ദേഹത്തെ ഉടൻ പരിഗണിക്കും,” ശനിയാഴ്ച ഒരു വെർച്വൽ പ്രസ്സനിടെ ശർമ്മ പറഞ്ഞു.