അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ദിവസം നടന്ന പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിലൂടെ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ടോസ്‌ നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി, മികച്ച ബൗളിംഗ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. 4 ഓവർ ബൗൾ ചെയ്ത ഹാർദിക്, 7.50 ഇക്കോണമി റേറ്റോടെ 30 റൺസ് വഴങ്ങി, 3 വിക്കറ്റ് ആണ് മത്സരത്തിൽ വീഴ്ത്തിയത്.

ഷദാബ് ഖാൻ (5), ഹൈദർ അലി (2), മുഹമ്മദ്‌ നവാസ് (9) എന്നിവരെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യ, പാക്കിസ്ഥാന്റെ നടുവൊടിച്ച് ഇന്ത്യക്ക് വലിയ ബ്രേക്ക്‌ ആണ് സമ്മാനിച്ചത്. ഇന്നിംഗ്സിന്റെ 14-ാം ഓവറിലെ രണ്ടാം ബോളിൽ ഷദാബ് ഖാനെ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച ഹാർദിക്, അതേ ഓവറിലെ അവസാന ബോളിൽ അപകടകാരിയായ ഹൈദർ അലിയെയും സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച് പാക്കിസ്ഥാനെ ഞെട്ടിച്ചു.

പിന്നീട്, 16-ാം ഓവർ എറിയാൻ എത്തിയ ഹാർദിക്, ഓവറിലെ 5-ാം ബോളിൽ മുഹമ്മദ്‌ നവാസിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ കുരുക്കുകയായിരുന്നു. ബൗളിങ്ങിൽ ഇന്ത്യയ്ക്ക് മികച്ച സംഭാവന നൽകിയ ഹാർദിക്, ബാറ്റിംഗിലും നിർണായക പങ്കുവഹിച്ചു. ഒരു നിമിഷം തകർന്നടിഞ്ഞ ഇന്ത്യയെ, ആറാമനായി ക്രീസിൽ എത്തിയ ഹാർദിക് (40) വിരാട് കോഹ്ലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

ഈ പ്രകടനത്തോടെ, ഹാർദിക് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1000 റൺസ് പിന്നിട്ടു. ഇതോടെ, അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന ആദ്യത്തെ താരമായി ഹാർദിക് പാണ്ഡ്യ മാറി. നിലവിൽ 74 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹാർദിക്, 55 ഇന്നിംഗ്സുകളിൽ നിന്ന് 25.73 ശരാശരിയിൽ 1029 റൺസ് നേടിയിട്ടുണ്ട്. 65 ഇന്നിംഗ്സിൽ ബൗൾ ചെയ്ത ഹാർദിക്, 57 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.