സഞ്ജുവിന്റെ ടീമിനെ പ്രഹരിച്ച് ഹാർദിക് പാണ്ട്യ:ലോകക്കപ്പ് ടീമിലേക്ക് താൻ എത്തുമെന്ന് ഉറപ്പിച്ച് താരം

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർത്തടിച്ച് ഗുജറാത്ത്‌ ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ. 53/3 എന്ന നിലയിൽ തകർന്നടിഞ്ഞ ടീം നിശ്ചിത ഓവർ പൂർത്തിയാകുമ്പോൾ 192/4 എന്ന ടോട്ടലിൽ എത്തിയപ്പോൾ 87 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ശ്രദ്ധേയമായി.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് തുടക്കത്തിൽ തന്നെ ടോപ് ഓർഡർ ബാറ്റർമാരായ മാത്യു വേഡ് (12), ശുഭ്മാൻ ഗിൽ (13), വിജയ് ശങ്കർ (2) എന്നിവരെ നഷ്ടമായി. എന്നാൽ, നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. നാലാം വിക്കറ്റിൽ അഭിനവ് മനോഹറുമായി (43) ചേർന്ന് 76 റൺസ് കൂട്ടുകെട്ട് കെട്ടിപ്പടുത്ത പാണ്ഡ്യ, അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലെറുമായി (31) ചേർന്ന് 53 റൺസിന്റെ അപരാജിത കൂട്ടുകെട്ടും സൃഷ്ടിച്ചു.

52 പന്തിൽ 8 ഫോറും 4 സിക്സും സഹിതം 167.31 സ്ട്രൈക്ക് റേറ്റോടെ 87 റൺസെടുത്ത് പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യ, ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർധസെഞ്ച്വറി നേടുന്നത്. ഇതോടെ 5 ഇന്നിംഗ്സുകളിൽ നിന്ന് 76 ശരാശരിയിൽ 228 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായി.ഐപിൽ കരിയറിൽ ആദ്യമായിട്ടാണ് ഹാർദിക്ക് പാണ്ട്യ തുടർച്ചയായി രണ്ട് അർദ്ധ സെഞ്ച്വറികൾ നേടുന്നത്

രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബറ്റ്ലറെ (218) മറികടന്നാണ് ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഓറഞ്ച് ക്യാപ് റേസിൽ ഒന്നാമത്തെത്തിയത്. ബാറ്റിംഗിൽ ഫോം തെളിയിക്കുകയും ബൗളിംഗിലേക്ക് മടങ്ങിയെത്തുകയും ചെയ്തതോടെ, 2022 ടി20 ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒഴിഞ്ഞു കിടക്കുന്ന ഓൾറൗണ്ടറുടെ ഒഴിവിലേക്ക് മറ്റൊരാളെ നോക്കേണ്ടതില്ല എന്ന വ്യക്തമായ സൂചനയാണ് സെലക്ടർമാർക്ക് പാണ്ഡ്യ നൽകിയിരിക്കുന്നത്.