ഒന്നാം ദിനം പണം വാരി ഇന്ത്യൻ പേസർമാർ 😱കോടികിലുക്കത്തിൽ യുവ താരങ്ങൾ :കാണാം ഒന്നാം ദിന ലേലവിവരങ്ങൾ

ബാംഗ്ലൂരിൽ നടക്കുന്ന 2022 ഐപിഎൽ താരലേലത്തിന്റെ ഒന്നാം ദിനം അവസാനിച്ചു. ഒന്നാം ദിനം അവസാനിക്കുമ്പോൾ, മുൻനിര ഇന്ത്യൻ, വിദേശ കളിക്കാർക്കായി ഫ്രാഞ്ചൈസികൾ വലിയ ബിഡ്ഡിംഗ് പോരാട്ടങ്ങൾ നടത്തിയതിനും, ചില അപ്രതീക്ഷിത താരങ്ങളുടെ വിലക്കയറ്റത്തിനും ഐപിഎൽ ആരാധകർ സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, ഒന്നാം ദിനം ആരാലും വേടിക്കപ്പെടാതെ അൺസോൾഡ് പട്ടികയിൽ ഇടം നേടിയ ചില വലിയ പേരുകളാൽ ആരാധകർ ചെറിയ രീതിയിൽ നിരാശരാവുകയും ചെയ്തു.

ഇന്ത്യയുടെ 23-കാരനായ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ഒന്നാം ദിവസത്തെ ഏറ്റവും വിലയേറിയ താരം. 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ്‌ ഇഷാനെ സ്വന്തമാക്കിയത്. തുടർന്ന്, ഇന്ത്യൻ പേസർ ദീപക് ചാഹറിനെ 14 കോടി രൂപയ്ക്ക് സിഎസ്‌കെയും, മധ്യനിര ബാറ്റർ ശ്രേയസ് അയ്യരിനെ 12.5 കോടി രൂപയ്ക്ക് കെകെആറും സ്വന്തമാക്കി. ഫാസ്റ്റ് ബൗളർമാരായ ഷാർദുൽ താക്കൂറിനെയും ഹർഷൽ പട്ടേലിനെയും ഡൽഹിയും ആർസിബിയും 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി.

വിദേശ താരങ്ങളിൽ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയെയും വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂരനെയും യഥാക്രമം ആർസിബിയും ഹൈദരാബാദും 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗുസനെ 10 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ്‌ സ്വന്തമാക്കിയത്. വിദേശ താരങ്ങളിൽ ശ്രദ്ധേയരായ ഫാഫ് ഡ്യൂപ്ലസിസ് (7 കോടി – ആർസിബി), പാറ്റ് കമ്മിൻസ് (7.25 കോടി – കെകെആർ), ട്രെന്റ് ബോൾട്ട് (8 കോടി – രാജസ്ഥാൻ), കഗിസോ റബാഡ (9.25 കോടി – പഞ്ചാബ്) എന്നിവരും മികച്ച സമ്പാദ്യം നേടി.

ലേലത്തിൽ, അവേഷ് ഖാൻ, ഷാരൂഖ് ഖാൻ, രാഹുൽ തിവാതിയ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ തുടങ്ങിയ അൺക്യാപ്ഡ് താരങ്ങളും മികച്ച നേട്ടം കൈവരിച്ചു. ലഖ്‌നൗ സൂപ്പർ ജിയിൻറ്‌സ് 10 കോടി രൂപയ്ക്ക് അവേഷ് ഖാനെ സ്വന്തമാക്കിയതോടെ, അത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അൺ‌ക്യാപ്ഡ് കളിക്കാരനായി അവേഷ് ഖാനെ മാറ്റി. ഷാരൂഖ് ഖാൻ, രാഹുൽ തിവാതിയ എന്നിവരെ യഥാക്രമം പഞ്ചാബും, ഗുജറാത്തും 9 കോടി രൂപയ്ക്ക് സ്വന്തകമാക്കി.

എന്നിരുന്നാലും, ഐപിഎല്ലിലെ ഏറ്റവും ജനപ്രിയരായ ചില താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും എടുക്കാൻ തയ്യാറാകാതിരുന്നത് ആദ്യ ദിനത്തിൽ ആരാധകരെ വിഷമത്തിലാക്കി. ‘മിസ്റ്റർ ഐപിഎൽ’ എന്ന് ആരാധകർ വിളിക്കുന്ന സുരേഷ് റെയ്‌ന, ശാക്കിബ് അൽ ഹസ്സൻ, ഡേവിഡ് മില്ലർ, ഇമ്രാൻ താഹിർ, ഉമേഷ്‌ യാദവ്, സ്റ്റീവ് സ്മിത് എന്നിവരെ ഒരു ഫ്രാഞ്ചൈസിയും എടുക്കാതിരുന്നത് ആരാധകരെ നിരാശരാക്കി. എന്നിരുന്നാലും, ലേലത്തിന്റെ രണ്ടാം ദിവസം ഇവരെ ഫ്രാഞ്ചൈസികൾ സ്വന്തകമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.