ആ 5 ലക്ഷം അങ് കൊടുത്തേക്ക് ഇക്ക 😳😳പാകിസ്ഥാൻ തോറ്റു ബെറ്റിൽ തോറ്റ് ഒമർ ലുലു

ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് മലയാള സിനിമ സംവിധായകൻ ഒമർ ലുലു. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഫൈനൽ മത്സരം നടക്കുന്നതിന് മുൻപായി, ഒമർ ലുലു ഒരു പ്രവചനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ ലോകകപ്പ് ഉയർത്തും എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രവചനം.

“ഗംഭീരം മത്സരം ആകട്ടെ ഇന്നത്തെ ഫൈനൽ. പാകിസ്ഥാൻ ജയിക്കും, മൈ പ്രെഡിക്ഷൻ,” എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് ഹാൻഡിൽ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് കമന്റ് ആയി ഒരു വ്യക്തി ഒമർ ലുലുവിന്റെ പ്രവചനത്തെ വെല്ലുവിളിച്ചു. “ഇന്ന് ഇംഗ്ലണ്ട് ജയിക്കും, ബെറ്റ് ഉണ്ടോ 5 ലക്ഷത്തിന്. ധൈര്യമുണ്ടെങ്കിൽ വെച്ചാൽ മതി,” എന്നായിരുന്നു കമന്റ്‌. വെല്ലുവിളി ഏറ്റെടുത്ത ഒമർ ലുലു, “ഡൺ,” എന്ന് കമന്റിന് മറുപടി നൽകുകയും ചെയ്തു.

ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു. ഇതോടെ, ഒമർ ലുലുവിന്റെ പ്രവചനവും വെല്ലുവിളിയും ഏറ്റെടുത്ത് കൂടുതൽ പേർ അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സിൽ എത്തി. 5 ലക്ഷത്തിന് ബെറ്റ് വെച്ച ആൾ ഇപ്പോൾ രൂപ ചോദിച്ചു വരും എന്നും, എവിടെ ബെറ്റ് പറഞ്ഞ കാശ്, ബെറ്റ് വെച്ച കാശ് എപ്പോൾ നൽകും ഇക്ക എന്ന് തുടങ്ങിയ കമെന്റുകളുമായി ആളുകൾ ഒമർ ലുലുവിന്റെ പോസ്റ്റിലേക്ക് ഒഴുകിയെത്തി.

ഇതോടെ, “പണി പാളി ഗുയ്സ്‌, ഇംഗ്ലണ്ടിന്റെ നല്ല സമയം,” എന്ന് ഒമർ ലുലു കുറിച്ചു. തുടർന്നും കൂടുതൽ പേർ ഇക്കാര്യം പറഞ്ഞുകൊണ്ട് കമെന്റ് ചെയ്യുന്നത് തുടർന്നതോടെ ഒമർ ലുലു പോസ്റ്റ് തന്നെ നീക്കം ചെയ്തു. എന്നാൽ, ഇതിന് ശേഷം ഒമർ ലുലു പങ്കുവെച്ച മറ്റു പോസ്റ്റുകൾക്ക് കീഴിലും ആളുകൾ 5 ലക്ഷം ഓർമ്മിപ്പിച്ച് കമന്റുകളുമായി എത്തുകയാണ്. “5 ലക്ഷം പോയല്ലോ, 5 കൊടുത്തോ ഇക്ക” എന്നിങ്ങനെ ആളുകളുടെ കമെന്റുകൾ ഒമർ ലുലുവിന്റെ പോസ്റ്റുകൾക്ക് കീഴിൽ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.