ഈ അവഗണന ഇതാദ്യമല്ല… തുറന്നുപറഞ്ഞ് ഷക്കീല…ഷക്കീലക്കൊപ്പവും മാൾ ടീമിനൊപ്പവും ഓരോ പക്ഷം…നാട്ടിലെത്തിയ ഷക്കീല വികാരനിർഭരയായപ്പോൾ..!!

എന്തിനാണ് ഈ വിവേചനം? അവരും ഒരു കലാകാരി തന്നെയല്ലേ? ചോദിക്കുന്നത് തെന്നിന്ത്യയെ ഹരം കൊള്ളിച്ച നായിക ഷക്കീലയ്ക്ക് വേണ്ടി താരത്തിന്റെ ആരാധകരാണ്… കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന്റെ ട്രെയിലർ ലോഞ്ചിംഗ് പ്ലാൻ ചെയ്തിരുന്നത്. ഈ പ്രോഗ്രാമിന് വേണ്ടി ഷക്കീല കേരളത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ താരത്തിന് തന്റെ ആരാധകരെ നിരാശരാക്കേണ്ടിവന്നു. അവസാനസമയമാണ് ഹൈലൈറ്റ് മാൾ അധികൃതർ ഷക്കീല ഉണ്ടെങ്കിൽ ഈ പരിപാടിക്ക് വേദിയാകാൻ പറ്റില്ല എന്ന വിവരം അണിയറപ്രവർത്തകരെ അറിയിക്കുന്നത്.

ഇതോടെ ഒമർ ലുലുവും ടീമും പെട്ടുപോവുകയായിരുന്നു. ഈ ഒരു പ്രോഗ്രാമിനുവേണ്ടി മാത്രം കേരളത്തിലേക്ക് എത്തിയ ഷക്കീലയും തനിക്ക് നേരെ വന്ന അവഗണനയെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്നാൽ താരം എടുത്തുപറയുന്ന ഒന്നുണ്ട്. ഇത് ആദ്യതവണയല്ല… ഇത്തരം അവഗണനകൾ തൻറെ ജീവിതത്തിൽ ഇതിനുമുമ്പും നേരിട്ടിട്ടുണ്ട്…എന്നാലും പ്രബുദ്ധരായ സമൂഹം എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിന്തിക്കുന്നതെന്നും തന്നെപ്പോലെയുള്ളവരെ മാറ്റിനിർത്തുന്നത് എന്നും മനസിലാകുന്നില്ല.

എല്ലാവരും കലാകാരന്മാർ തന്നെയല്ലേ…ഷക്കീലയെ ഒഴിവാക്കിയാൽ പറഞ്ഞ തീയതിയിലും സമയത്തും പ്രോഗ്രാം നടത്താമെന്ന് മാൾ അധികൃതർ അറിയിച്ചെങ്കിലും ഒമറും ടീമും അതിന് തയ്യാറായില്ല. തങ്ങൾ വിളിച്ചതനുസരിച്ച് കേരളത്തിലേക്ക് എത്തിയ ഈ താരസുന്ദരിയെ പിണക്കാനും വിഷമത്തിലാക്കാനും നല്ല സമയത്തിൻറെ ക്രൂ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്ലാൻ ചെയ്തിരുന്ന പരിപാടി ഒരു ഓൺലൈൻ പ്രോഗ്രാമായി മാറ്റുകയായിരുന്നു.

നല്ല സമയത്തിന് വേണ്ടി ഷക്കീല കേക്ക് കട്ട് ചെയ്യുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ രണ്ടു തരത്തിലുള്ള ചിന്തകളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള മാറ്റിനിർത്തലുകളും അവഗണനകളും ക്രൂരമല്ലേ എന്ന് ചോദിക്കുന്നവർ ഒരുഭാഗത്ത്… എന്നാൽ മാൾ അധികൃതർ ചെയ്തതിനെ പിന്തുണയ്ക്കുന്നവരും മറ്റൊരു ഭാഗത്തുണ്ട്… ഒരു കാലത്ത് മലയാളികളെ ത്രസിപ്പിച്ച നായികയാണ് ഷക്കീല. ഇന്നും ഷക്കീല എന്ന പേര് കേട്ടാൽ ഹരം കൊള്ളുന്ന യുവാക്കൾ പോലുമുണ്ട്…