ഈ കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താനായിരിക്കും രോഹിത്തിന് ഏറ്റവും ആഗ്രഹം ; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ പ്രഖ്യാൻ ഓജ

ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഉണ്ടാകും എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. മികച്ച സീനിയർ താരങ്ങൾക്കൊപ്പം കഴിവുറ്റ നിരവധി യുവതാരങ്ങളും ഉള്ളതിനാൽ ആരൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആശങ്കയാണ് ഇപ്പോഴും ടീം മാനേജ്മെന്റിന്റെ മുൻപിൽ നിൽക്കുന്ന വെല്ലുവിളി.

ടി20 ലോകകപ്പിനുശേഷം അടുത്തവർഷം ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത് എന്നതിനാൽ, 2011-ന് ശേഷം കിരീടം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏകദിന ലോകകപ്പിനും മികച്ച ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. ഇപ്പോൾ, ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് സമാനമായി ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിലും ഇന്ത്യൻ ടീമിൽ പല അഭിപ്രായങ്ങളും ഉയർന്നു വന്നേക്കും.

ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ക്യാപ്റ്റൻ രോഹിത് ശർമയിക്കൊപ്പം ആരായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നത്. നിലവിൽ ശിഖർ ധവാൻ ആണ് രോഹിത്തിന്റെ ഓപ്പണിങ് കൂട്ടാളിയെങ്കിലും, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവർ ശിഖർ ധവാന്റെ സ്‌ഥാനത്തിന് ഭീഷണിയാണ്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ പ്രഖ്യാൻ ഓജ.

“എന്റെ അഭിപ്രായത്തിൽ 2023 ഏകദിന ലോകകപ്പിലും ശിഖർ ധവാൻ തന്നെ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. അദ്ദേഹത്തിന്റെ സീനിയോരിറ്റിക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്, മാത്രമല്ല ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം ധവാൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന ഒരാളെ ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കണമെങ്കിൽ തീർച്ചയായും മാനേജ്മെന്റ് ധവാനിൽ ഇപ്പോഴും വിശ്വാസം അർപ്പിക്കുന്നുണ്ട്. ഇതുവരെ നിരവധി കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനായതിനാൽ തന്നെ രോഹിത്തിനും ധവാനെ ഉൾപ്പെടുത്താനായിരിക്കും ആഗ്രഹം,” ഓജ പറഞ്ഞു.