ഉഫ്!!ഹെലികോപ്റ്റർ ഷോട്ട് ഒറ്റകയ്യൻ സിക്സ്!! നെറ്റ്‌സിൽ ഞെട്ടിച്ച് ജഡേജയും റിഷാബ് പന്തും|വീഡിയോ

ഏഷ്യ കപ്പ് 2022 ടൂർണമെന്റിന് ഓഗസ്റ്റ് 27 (ശനിയാഴ്ച) തുടക്കമാവുകയാണ്. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിനായി ഇന്ത്യൻ സംഘം ബുധനാഴ്ച്ച യുഎഇയിൽ എത്തുകയും, വ്യാഴാഴ്ച പരിശീലന സെഷൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്നും ഇന്ത്യൻ ടീം അംഗങ്ങൾ മുഴുവൻ സമയ പരിശീലനത്തിൽ ഏർപ്പെട്ടു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിംഗ് പരിശീലനത്തിന്റെ വീഡിയോ ഇപ്പോൾ ബിസിസിഐ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്

ഇത്തവണ ഏഷ്യ കപ്പ്, ടി20 ഫോർമാറ്റിൽ ആണ് നടക്കുന്നത് എന്നതുകൊണ്ടുതന്നെ ബാറ്റർമാരെല്ലാം കൂറ്റൻ ഷോട്ടുകളാണ് നെറ്റ്സിൽ പരിശീലിക്കുന്നത്. രവീന്ദ്ര ജഡേജ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ അനുകരിച്ച് ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്നതായി വീഡിയോയിൽ കാണാം. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരു ഫിനിഷറുടെ റോൾ ആയിരിക്കും ജഡേജ വഹിക്കുക. അതുകൊണ്ട് തന്നെ, മത്സരങ്ങളിൽ അദ്ദേഹത്തിന് ഇത്തരത്തിലുള്ള കൂറ്റൻ ഷോട്ടുകൾ ആണ് കളിക്കേണ്ടി വരിക.

അതേസമയം, ഇന്ത്യൻ ടീമിലെ പവർഹിറ്ററായ ഋഷഭ് പന്ത്, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഷോട്ടുകൾ പരിശീലിച്ചു. ഋഷഭ് പന്ത് തന്റെ ഒറ്റ കൈ കൊണ്ട് ഫ്ലിക്ക് ഷോട്ട് കളിക്കുന്നതും, പുൾ ഷോട്ട് കളിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ കഴിഞ്ഞു. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ പ്ലെയിങ് ഇലവനിൽ വലിയ ഉത്തരവാദിത്തമാണ് ഋഷഭ് പന്തിനെ കാത്തിരിക്കുന്നത്. കൂറ്റൻ ഷോട്ടുകൾ തന്നെയാണ് ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

2016, 2018 ഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യ, ഹാട്രിക് ഏഷ്യ കപ്പ് നേട്ടമാണ് ലക്ഷ്യമിടുന്നത്. നേരത്തെ രണ്ട് തവണയും ബംഗ്ലാദേശിനെ ആണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെടുത്തിയത്. മാത്രമല്ല, 2018-ൽ ഏഷ്യ കപ്പ് ഫൈനൽ നടന്ന ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തന്നെയാണ് 2022 ഏഷ്യ കപ്പിന്റെയും ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. 7 തവണ ജേതാക്കളായ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പ് ജേതാക്കളായ ടീം.