ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ പുരോഗമിക്കുന്ന ഇൻഡോർ ടെസ്റ്റ് മത്സരത്തിൽ, ആതിഥേയരായ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പിടിമുറുക്കുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ഓസ്ട്രേലിയൻ സ്പിൻ ആക്രമണത്തിന് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ, ഇന്ത്യ 109 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. വിരാട് കോഹ്ലി (22), ശുഭ്മാൻ ഗിൽ (21) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
സ്പിൻ ആക്രമണത്തിലൂടെ തന്നെ ഓസ്ട്രേലിയക്ക് മറുപടി നൽകാനാണ് ഇന്ത്യയും ശ്രമിച്ചത്. ഓസ്ട്രേലിയയുടെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഫലം ലഭിക്കുകയും ചെയ്തു. തന്റെ ആദ്യ ഓവർ എറിഞ്ഞ രവീന്ദ്ര ജഡേജ, ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ഓപ്പണർ ട്രെവിസ് ഹെഡിനെ (9) എൽബിഡബ്ല്യു വിക്കറ്റിൽ കുടുക്കി മടക്കി അയച്ചു. തുടർന്ന് തന്റെ അടുത്ത ഓവറിൽ മാർനസ് ലബുഷാനെയുടെ വിക്കറ്റ് ജഡേജ വീഴ്ത്തി എന്ന് തോന്നിപ്പിച്ചെങ്കിലും, അത് നൊ-ബോൾ ആവുകയായിരുന്നു.

എന്നാൽ, അതിന് ശേഷം രവീന്ദ്ര ജഡേജയുടെ ഒരു ഓവറിൽ രണ്ട് റിവ്യൂകൾ ക്യാപ്റ്റൻ രോഹിത് ശർമ പാഴാക്കുന്ന കാഴ്ചയാണ് കണ്ടത്. അതിന് ശേഷം, രവിചന്ദ്ര അശ്വിന്റെ ഒരു അപ്പീൽ അമ്പയർ നിരസിക്കുകയുണ്ടായി. അശ്വിന്റെ ബോൾ ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച ലബുഷാനെക്ക് പിഴച്ചതോടെ ബോൾ അദ്ദേഹത്തിന്റെ പാഡിൽ പതിക്കുകയായിരുന്നു. തുടർന്ന്, അശ്വിനും വിക്കറ്റ് കീപ്പർ ഭരത്തും അപ്പീൽ ചെയ്തെങ്കിൽ, അമ്പയർ വിക്കറ്റ് നൽകാൻ തയ്യാറായില്ല.
തുടർന്ന്, വിക്കറ്റ് കീപ്പർ ഭരത് റിവ്യൂ നൽകാൻ രോഹിത് ശർമയോട് ആവശ്യപ്പെട്ടെങ്കിലും, വിക്കറ്റ് കീപ്പറുടെ ആത്മവിശ്വാസം രോഹിത് ശർമ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാൽ, റിവ്യൂ എടുക്കേണ്ട സമയം അവസാനിച്ചതിനുശേഷം സ്ക്രീനിൽ കാണിച്ച റിപ്ലൈ ദൃശ്യങ്ങളിൽ, അത് ഒരു വിക്കറ്റ് ആണെന്ന് കാണാൻ സാധിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ അന്നേരം റിവ്യൂ എടുക്കാൻ മടിച്ചതോടെ, വീണ്ടും കളിക്കാൻ അവസരം ലഭിച്ച ലബുഷാനെയെ (31) ജഡേജ പിന്നീട് ബൗൾഡ് ചെയ്യുകയായിരുന്നു.