അവൻ എവിടെ!!സൂപ്പർ താരത്തെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരം

വെസ്റ്റ് ഇൻഡീസ് പര്യടനം അവസാനിച്ചതിന് പിന്നാലെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കളിക്കാരുടെ സമീപകാല ഫോമിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ ടീമും പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിലേക്ക് തിരിച്ചെത്തിയ ആർ അശ്വിൻ എന്നിവരെല്ലാം ഏഷ്യ കപ്പ് ടീമിൽ ഇടം പിടിച്ചപ്പോൾ, മുഹമ്മദ്‌ ഷമി, അക്സർ പട്ടേൽ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവർക്കൊന്നും ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

ഇപ്പോൾ ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിൽ തന്റെ ചില വിയോജിപ്പുകൾ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ കൃഷ്ണമാചാര്യ ശ്രീകാന്ത്. മുഹമ്മദ്‌ ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതാണ് കെ ശ്രീകാന്തിനെ ചൊടിപ്പിച്ചത്. സ്റ്റാർ സ്പോർട്സിൽ നടന്ന ‘ഫോളോ ബ്ലൂസ്’ എന്ന പരിപാടിയിൽ ആയിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

“ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം മികച്ചതാണ് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ, നമുക്ക് ടീമിൽ ഒരു മീഡിയം ഫാസ്റ്റ് ബൗളർ കൂടി വേണമായിരുന്നും. രണ്ട് റിസ്റ്റ് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് നല്ലതായി തോന്നുന്നു. എന്നാൽ, ഞാൻ സെലെക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നെങ്കിൽ, രവി ബിഷ്നോയ്ക്ക് പകരം മുഹമ്മദ്‌ ഷമിയെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു,” ശ്രീകാന്ത് പറയുന്നു.

“അക്സർ പട്ടേൽ ടീമിൽ ഇടം പിടിക്കാതിരുന്നത് എന്നെ സങ്കടപ്പെടുത്തി. തീർച്ചയായും അശ്വിനും അക്സർ പട്ടേലും തമ്മിൽ ടീമിൽ സ്ഥാനം കണ്ടെത്താൻ ഒരു കടുത്ത മത്സരം നടന്നിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു. അതേസമയം, ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയത് എന്നെ സന്തോഷവാനാക്കി. അദ്ദേഹം ഒരു പാർട് ടൈം ബൗളറും ഒരു മികച്ച ഹിറ്ററുമാണ്,” ശ്രീകാന്ത് പറഞ്ഞു.