മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ മലയാളികളുടെ ഈ പ്രിയ നടി ആരാണെന്ന് മനസ്സിലായോ? | Nimisha Sajayan
വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായി മാറിയ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. തന്റെ തനതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇടം കണ്ടെത്തിയ ഈ നായിക കൊല്ലം സ്വദേശി ആണെങ്കിലും, ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും എല്ലാം മുംബൈയിലാണ്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങൾ തന്റെ സിനിമകളിലൂടെ വരച്ചുകാട്ടുന്നതിൽ ഈ നായികക്ക് ഒരു പ്രത്യേക കഴിവുണ്ട്.
മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ, നിരവധി അവാർഡുകളും ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. തീർച്ചയായും ഇപ്പോൾ തന്നെ ഈ നായിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. മഞ്ജു വാര്യർ നായികയായി എത്തിയ ℅ സൈറ ബാനു എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബിഗ് സ്ക്രീനിൽ മുഖം കാട്ടിയതെങ്കിലും, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ഈ നടി മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നടി നിമിഷ സജയന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. വ്യത്യസ്ത കുടുംബങ്ങളിലെ കുടുംബിനികൾ അനുഭവിക്കുന്ന പ്രയാസങ്ങളും, വ്യത്യസ്ത തൊഴിലുകൾ എടുക്കുന്ന സ്ത്രീകളുടെയും നേർ പ്രതീകമായി പല സിനിമകളിലും നിമിഷ സജയൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വളരെ കുറച്ച് സിനിമകളിലൂടെ തന്നെ നിമിഷ സജയൻ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്.
ഇന്ന് മലയാള സിനിമയിൽ സജീവമായി മാറിയ താരം, അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും വേഷമിട്ടിരുന്നു. നാൽപ്പത്തിയൊന്ന്, ചോല, ഈട, നായാട്ട്, മാലിക്, ഒരു തെക്കൻ തല്ലു കേസ് എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ നിമിഷ സജയൻ വേഷമിട്ടിട്ടുണ്ട്. തുറമുഖം, ചേര എന്നിങ്ങനെ നിരവധി സിനിമകളാണ് നിമിഷ സജയേന്റതായി ഇനി വരാനിരിക്കുന്നത്. അതിനിടെ തന്നെ, ബോളിവുഡ് അരങ്ങേറ്റം കുറിക്കാനും നിമിഷ സജയൻ തയ്യാറെടുക്കുകയാണ്. ‘വി ആർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന നിമിഷ, ‘അച്ചം എൻബത് ഇല്ലയെ’ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും കുറിക്കും.
