നിമിർ അബ്ദെൽ അസീസ്- “ഫ്ലയിങ് ഡച്ച്മാൻ “

0

കഴിഞ്ഞ രണ്ടു വർഷമായി യൂറോപ്യൻ വോളിബാളിൽ എതിർ ടീമുകൾക്ക് പേടി സ്വപ്നമായി തീർന്ന താരമാണ് നിമിർ അബ്ദെൽ അസീസ് എന്ന ഡച്ചുകാരൻ. തന്റെ അതിശക്തമായ സെർവീസ് കൊണ്ടും കനത്ത സ്മാഷുകൾ കൊണ്ടും എതിരാളികളുടെ മേൽ മൃഗീയ ആധിപത്യം നേടുന്ന ശൈലിക്ക് ഉടമയായ നിമിർ ലോക വോളിയിൽ ഒരു സൂപ്പർ താരമായി വളർന്നു. 2020 ൽ ഇറ്റാലിയൻ ക്ലബ് പവർ വോളി മിലാനിൽ നിന്നും പ്രതിവർഷം 400,000 യൂറോ ശമ്പളത്തിനാണ് ഇറ്റാലിയൻ ഭീമന്മാരായ ട്രെന്റിനോ ഈ ഓപ്പോസിറ്റ് ഹിറ്ററെ ( യൂണിവേഴ്സൽ ) സ്വന്തമാക്കിയത്. ഇറ്റാലിയൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളിൽ ആറാം സ്ഥാനത്താണ് നിമിർ പവർ എന്ന പേരിൽ അറിയപ്പെടുന്ന ഈ 28 കാരൻ.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും , ഇറ്റാലിയൻ ലീഗിലും തന്റെ ഫോം തുടർന്ന നിമിർ ആദ്യ 7 മത്സരങ്ങളിൽ നിന്നും 154 പോയിന്റുകൾ നേടി . ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ എയ്‌സുകൾ നേടിയ താരങ്ങളിൽ നിമിർ മുന്നിലാണ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ടിൽ അവസാന സെറ്റിൽ തുടർച്ചയായി 11 സർവീസുകൾ ചെയ്ത് മത്സരം വിജയിപ്പിക്കുകയും ചെയ്തു 6 അടി 7 ഇഞ്ച് കാരനായ ഈ ഡച്ച് താരം.

ഒരു സെറ്ററായി കരിയർ തുടങ്ങി കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പോസിറ്റ് ഹിറ്ററായി മാറിയ നിമിർ ടീമിന് ആവശ്യം വരുമ്പോൾ തന്റെ പഴയ വേഷത്തിലേക്ക് തിരിച്ചെത്തും. ഇറ്റാലിയൻ ലീഗിലും ,ചാമ്പ്യൻസ് ലീഗിലും ട്രെന്റിനോ സെറ്റർമാരായ ഇറ്റാലിയൻ താരം സിമോൺ ജിയനെല്ലിയും പകരക്കാരനും – ലോറെൻസോ സ്‌പെറോട്ടോയ്ക്കും കളിക്കാൻ സാധിക്കാഞ്ഞപ്പോൾ സെറ്ററുടെ റോളിൽ മികച്ചു നിന്ന് നിമിർ.

1992 ൽ നെതെർലാൻഡ്സിലെ ഹേഗിൽ ജനിച്ച നിമിർ 2009 ലാണ് പ്രൊഫഷണൽ താരമാവുന്നത്.ഒരു സെറ്ററായാണ് നിമിർ തന്റെ കരിയർ ആരംഭിച്ചത് , 2011 ൽ ഡച്ച് സീനിയർ ടീമിൽ സെറ്ററായി ഇടം പിടിച്ചു , 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ തുർക്കിയെ പരാജയപ്പെടുത്തി കിരീടം നേടിയ ഡച്ച് ടീമിൽ അംഗമായി. ആ ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററായും, സെർവറായും നിമിർ അബ്ദെൽ അസീസിനെ തിരഞ്ഞെടുത്തു . യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ പ്രകടനം ഇറ്റാലിയൻ ക്ലബ് വോളി ട്രെവിസയിൽ ഇടം നേടിക്കൊടുത്തു.ഒരു സീസണ് ശേഷം മറ്റൊരു ഇറ്റാലിയൻ ക്ലബ് പിയോമെന്റോ വോളിയിൽ എത്തി , ആ വർഷം ക്ലബ്ബിനെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു. പിന്നീട് മികച്ച ഫോം തുടരാൻ സാധിക്കാതിരുന്ന നിമിർ തുർക്കിഷ് ലീഗിലും , പോളിഷ് ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടിയും ജേഴ്സി അണിഞ്ഞു.

എന്നാൽ നിമിറിന്റെ കരിയറിലെ ഏറ്റവും നിർണായകമായത് ഫ്രഞ്ച് ക്ലബ് സ്റ്റേഡ് പൊയിറ്റ്വിൻ പോയിറ്റിയേഴ്സിലേക്കുള്ള കൂടുമാറ്റമാണ്. അതുവരെ സെറ്ററുടെ റോളിൽ കളിച്ചിരുന്ന നിമിർ ഓപ്പോസിറ്റ് ഹിറ്ററുടെ (യൂണിവേഴ്സൽ ) പൊസിഷനിലാണ് ഫ്രഞ്ച് ലീഗിൽ കളിച്ചത്. പൊസിഷൻ മാറിയതോടെ തലവര തെളിഞ്ഞ നിമിർ ഫ്രഞ്ച് ലീഗിലും , വേൾഡ് ലീഗിൽ ഡച്ച് ടീമിന് വേണ്ടിയും യൂണിവേഴ്സൽ റോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടു വർഷം കൊണ്ട് തന്നെ ലോകത്തിലെ എണ്ണം പറഞ്ഞ ഓപ്പോസിറ്റായി മാറിയ നിമിറിനെ ഇറ്റാലിയൻ ക്ലബ് പവർ വോളി മിലാൻ റാഞ്ചി.

2017 മുതൽ 2020 വരെയുള്ള രണ്ടര സീസണിൽ മിലാൻ വേണ്ടി 71 മത്സരങ്ങളിൽ നിന്നും 1336 പോയിന്റുകൾ സ്വന്തമാക്കി, 5.26 പോയിന്റ് / സെറ്റ് ശരാശരി,0.62 ആയിരുന്നു ഏസെസ് / സെറ്റ് ശരാശരി . കൊറോണ മൂലം പൂർത്തിയാവാൻ സാധിക്കാതിരുന്ന കഴിഞ്ഞ സീസണിൽ 458 പോയിന്റ് നേടി ലീഗിൽ ടോപ് സ്‌കോറർ ആയി. പിയാസെൻസയ്‌ക്കെതിരായ 41 പോയിന്റുകൾ നേടി ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ താരമായി മാറി. റെവെന്നയ്‌ക്കെതിരെ ഇറ്റാലിയൻ ലീഗിൽ 10 ഏസുകൾ പായിച്ച് റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. 2019 പുരുഷ യൂറോപ്യൻ വോളിബോൾ ലീഗിൽ ഡച്ച് ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചു. ബ്രസീലിയൻ സൂപ്പർ താരം ലുകാരെല്ലിയുടെ കൂടെ നിമിറിനെയും സ്വന്തമാക്കി യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനാണ് ട്രെന്റിനോയുടെ ശ്രമം.