ധോണിക്ക് ശേഷം അവൻ എത്തും :നൂറ്റാണ്ടിലെ പ്രവചനവുമായി മുൻ താരം

ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനുശേഷം ഐപിഎല്ലിൽ മാത്രം കളിക്കുന്ന ധോണി, കഴിഞ്ഞ സീസണോടെ ഐപിഎല്ലിൽ നിന്നും പടിയിറങ്ങുമെന്ന് ഒരു വിഭാഗം ക്രിക്കറ്റ്‌ നിരീക്ഷകർ കണക്കുക്കൂട്ടിയിരുന്നു. എന്നാൽ, ക്രിക്കറ്റ്‌ നിരീക്ഷകരുടെ എല്ലാ കണക്കുക്കൂട്ടലുകളും കാറ്റിൽ പറത്തി, അടുത്ത വർഷവും താൻ ഐപിഎല്ലിൽ ഉണ്ടാവും എന്ന ധോണിയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

എന്നിരുന്നാലും, ഐപിഎൽ 2022-ന് ശേഷം, ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഇഷ്ടത്തോടെ ‘തല’ എന്ന് വിളിക്കുന്ന ധോണി, ഐപിഎല്ലിൽ നിന്ന് പടിയിറങ്ങും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരായിരിക്കും വരും വർഷങ്ങളിൽ സിഎസ്കെയെ നയിക്കുക എന്നത് ക്രിക്കറ്റ്‌ ലോകത്ത് ഉയർന്നു വരുന്ന ഒരു ചർച്ചാവിഷയമാണ്. ഇപ്പോൾ മുൻ ഇന്ത്യൻ ഓഫ് സ്‌പിന്നർ നിഖിൽ ചോപ്ര, തന്റെ മനസ്സിലുള്ള ഭാവി സിഎസ്കെ ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

എംഎസ് ധോണി സിഎസ്‌കെ കുപ്പായത്തിനോട്‌ വിട പറയുമ്പോൾ, സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനാകാൻ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കഴിയുമെന്നാണ് നിഖിൽ ചോപ്ര കരുതുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഒരു ബാറ്ററായി വളർന്ന ജഡേജ, എല്ലായ്പ്പോഴും വിശ്വസനീയമായ ബൗളറും അതിശയകരമായ ഫീൽഡറുമാണ്. 16 കോടി രൂപയ്ക്കാണ് സി‌എസ്‌കെ ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി ജഡേജയെ നിലനിർത്തിയത്.

“സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ ജഡേജ തീർച്ചയായും ഒരു മികച്ച ഓപ്‌ഷനാണ്. ഫോർമാറ്റുകളിലുടനീളമുള്ള അദ്ദേഹത്തിന്റെ പ്രകടനവും, ഫോമും, ടി20യിൽ നാല് ഓവർ ബൗൾ ചെയ്യാനുള്ള പ്രാപ്തിയും ബാറ്റിംഗ് ഓർഡറിൽ ഏത് പോസിഷനിൽ വേണമെങ്കിലും ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും ക്യാപ്റ്റൻസി പരിഗണനയിൽ മുൻപന്തിയിലെത്താൻ ജഡേജയെ സഹായിക്കും. അതുകൊണ്ടായിരിക്കാം അവർ അദ്ദേഹത്തിനായി ഒരു വലിയ തുക നൽകിയത്, അടുത്ത വർഷം ധോണി കളിച്ചില്ലെങ്കിൽ, ജഡേജ അടുത്ത ക്യാപ്റ്റൻ ആകും എന്ന് ഞാൻ കരുതുന്നു,” ഒരു യുട്യൂബ് ചാനലിൽ നിഖിൽ ചോപ്ര പറഞ്ഞു