ടി20 ഫോർമാറ്റിൽ ടെസ്റ്റ്‌ കളിക്കുന്ന ഓപ്പണർമാരെ മാറ്റണം ; ഓപ്പണർമാരായി ഇനി ഇവരെ കളിപ്പിക്കണം

ടി20 ലോകകപ്പിൽ നിന്ന് പുറത്തായതോടെ ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഓപ്പണർമാരെ മാറ്റണമെന്ന ആവശ്യം ആരാധകരുടെ ഭാഗത്തുനിന്ന് വലിയ രീതിയിൽ ഉയർന്നുവരികയാണ്. ലോകകപ്പിൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ എല്ലാ മത്സരങ്ങളിലും ബാറ്റിംഗിൽ നിറംമങ്ങിയപ്പോൾ, സൂപ്പർ 12-ലെ അവസാന രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകൾക്കെതിരെ അർധ സെഞ്ച്വറി പ്രകടനം നടത്തിയത് ഒഴിച്ചു നിർത്തിയാൽ, വലിയ ടീമുകൾക്കെതിരെയും നിർണായക മത്സരങ്ങളിലും പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കെഎൽ രാഹുലിനും ആയില്ല.

വലിയ സ്കോർ നേടിയില്ല എന്നത് മാത്രമല്ല, ടി20 ഫോർമാറ്റിൽ അതിനിർണായകമായ പവർപ്ലേ ഓവറുകൾ പാഴാക്കി എന്നതും ഇന്ത്യൻ ഓപ്പണർമാരുടെ മേൽ ഒരു വിഭാഗം ആരാധകർ പഴിചാരുന്നു. ടി20 ഫോർമാറ്റിൽ പവർ പ്ലേ ഓവറുകൾ പരമാവധി മുതലെടുത്താൽ, ടീമിന് വലിയ ടോട്ടൽ കണ്ടെത്താൻ സാധിക്കും. എന്നാൽ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും, പവർ പ്ലേ ഓവറുകളെ ടെസ്റ്റ്‌ കളി ശൈലിയിൽ ആണ് ഇന്ത്യയുടെ ഓപ്പണർമാർ നേരിട്ടത്.

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനൽ മത്സരം നടന്നത് അഡ്ലൈഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ബിഗ് ബാഷിൽ ഏറ്റവും കൂടുതൽ റൺസുകൾ ഇറക്കുന്ന ഗ്രൗണ്ട് ആണ് ഇത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയിക്കണമെങ്കിൽ 180-ലധികം റൺസ് എങ്കിലും സ്കോർ ചെയ്യണമെന്ന് മത്സരത്തിന്റെ മുന്നേ തന്നെ ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ, പതിവുപോലെ പവർ പ്ലേ ഓവറുകൾ ഓപ്പണർമാർ പ്രയോജനപ്പെടുത്താതിരുന്നത് ഇന്ത്യയുടെ ടോട്ടലിനെ തന്നെ ബാധിച്ചു.

ഈ സാഹചര്യത്തിൽ ടി20 ഫോർമാറ്റിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക്കിനെ ക്യാപ്റ്റൻ ആക്കണം എന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഓപ്പണർ റോളിലേക്ക് ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവ താരങ്ങളെ പരിഗണിക്കണം എന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അടുത്ത ടി20 ലോകകപ്പിന് ഇനി ഏകദേശം ഒന്നര വർഷത്തോളം സമയം ഉണ്ട് എന്നതിനാൽ, ടി20 ഫോർമാറ്റിൽ ഇപ്പോഴേ മാറ്റങ്ങൾ കൊണ്ടുവന്നാൽ ലോകകപ്പ് ആവുമ്പോഴേക്കും അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.