ടീം ഇന്ത്യക്ക് ദുഃഖവാർത്ത; നെറ്റ് ബോളർമാരായി ഓസ്ട്രേലിയയിലേക്ക് പോകേണ്ട താരങ്ങളുടെ യാത്ര വിസ പ്രശ്നം മൂലം വൈകുന്നു

ഓസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം അവിടേക്ക് എത്തുകയും പരിശീലന മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുകയാണിപ്പോൾ. ഇന്ത്യൻ ടീമിന്റെ നെറ്റ് ബോളർമാരായി തിരഞ്ഞെടുക്കപ്പെട്ട യുവ പേസർമാരായ കുൽദീപ് സേന്നും ഉമ്രാൻ മാലിക്കും ഓസ്ട്രേലിയയിലേക്ക് പോകാനാകാതെ ഇന്ത്യയിൽ തുടരുകയാണ്.

ഇരു താരങ്ങളുടെയും വിസ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് യാത്ര നടത്താൻ സാധിക്കാതെ ഇരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ സെനും സൺറൈസഴ്സ് ഹൈദരാബാദ് താരമായ ഉമ്രാനും കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കൊണ്ടാണ് സെലക്ടർമാരുടെ റഡാറിൽപെടുന്നത്. 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞു ഞെട്ടിച്ച ഉമ്രാന് അയർലൻഡ് പര്യടനത്തിൽവെച്ച് ട്വന്റി ട്വന്റി അരങ്ങേറ്റവും ലഭിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കാശ്മീർ ടീമിന്റെ താരമാണ് ഉമ്രാൻ മാലിക്. കുൽദീപ് സെൻ ആകട്ടെ മധ്യപ്രദേശ് ടീമിന്റെ താരവും. ഇന്ത്യയിലെ അന്തർ സംസ്ഥാന ട്വന്റി ട്വന്റി ടൂർണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. യാത്ര വൈകിയതോടെ മാലിക്കിന്റെ സാന്നിധ്യം ആവശ്യപ്പെട്ട്‌ ജമ്മു ടീം ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഇതിന് ബിസിസിഐ അനുമതി നൽകിയതോടെ മേഘാലയയുമായി നടന്ന ആദ്യ മത്സരത്തിൽ ഉമ്രാൻ മാലിക്ക് കളിച്ചു.

രാജസ്ഥാനെ നേരിട്ട മധ്യപ്രദേശ് ടീമിൽ കുൽദീപ് സെന്നും കളിക്കുകയുണ്ടായി. മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ സെൻ 23 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും വീഴ്ത്താൻ കഴിഞ്ഞില്ല. ജമ്മുവിന്റെ മത്സരത്തിൽ ഉമ്രാൻ രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ഇരുവരും വരും മത്സരങ്ങളിലും കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ട്വന്റി ട്വന്റി ലോകകപ്പ് ടീമിൽ ഉൾപ്പെട്ട റിസർവ് താരങ്ങളായ ദീപക് ചഹാർ, ശ്രേയസ് അയ്യർ, രവി ബിഷ്‌നോയി എന്നിവരും മറ്റൊരു നെറ്റ് ബോളറായ സിറാജും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിൽ ടീമിലുണ്ടായിരുന്നു. വിസ ശരിയായാൽ ഇവരോടൊപ്പം സെനും മാലിക്കും ഓസ്ട്രേലിയയിലേക്ക് പറക്കും.