രസകരമായ വിരമിക്കൽ പ്രഖ്യാപനവുമായി രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ; ഇനി പന്തെറിയില്ലെന്ന് താരം വെളിപ്പെടുത്തി

മൂന്ന് മത്സരങ്ങളിൽ നിന്ന് 2 ജയവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഈ ഐപിഎൽ സീസണിൽ രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമുകൾ ആധിപത്യം പുലർത്തുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും, രണ്ടാമതായി ബൗൾ ചെയ്ത് രാജസ്ഥാൻ റോയൽസ് രണ്ട് മത്സരങ്ങൾ വിജയിച്ചു എന്നത് ശ്രദ്ധേയമാണ്.

കളിക്കളത്തിൽ ആരാധകരെ ആവേശത്തിലാക്കുന്നതിനൊപ്പം, സോഷ്യൽ മീഡിയയിൽ തങ്ങളുടെ ആരാധകരെ എൻഗേജ് ചെയ്യിപ്പിക്കാൻ വ്യത്യസ്ത മാർഗങ്ങൾ ഫ്രാഞ്ചൈസി സ്വീകരിക്കാറുണ്ട്. യുസ്വേന്ദ്ര ചാഹൽ ഉൾപ്പെടെയുള്ള ആർആർ കളിക്കാരും തങ്ങളുടെ ആരാധകരെ പറ്റിക്കാനും ചിരിപ്പിക്കാനും പേരുകേട്ട താരങ്ങളാണ്.ഇപ്പോൾ, രാജസ്ഥാൻ റോയൽസിന്റെ ന്യൂസിലാൻഡ് ഓൾറൗണ്ടർ ജെയിംസ് നീഷാം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ തമാശയായി കളിപ്പിച്ചിരിക്കുകയാണ്. തന്റെ ഐ‌പി‌എൽ ഫ്രാഞ്ചൈസിയുമായി ഒരു പരിശീലന സെഷനുശേഷം, നീഷാം നെറ്റ്‌സിൽ ‘റിയാൻ പരാഗിന് ബൗളെറിയുന്നതിൽ’ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

നീഷാം ഒരു വീഡിയോ പങ്കുവെച്ച് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.നെറ്റ് സെഷനിൽ ഫുൾ ഫ്ലോയിൽ ആയിരുന്ന പരാഗ്, തന്റെ ബൗളിംഗിൽ സ്ട്രൈറ്റ് ഷോട്ടിലൂടെ തന്റെ നേരെ ഷോട്ടുകൾ പായിക്കുകയാണ് എന്നാണ് നീഷം പറയുന്നത്.

പന്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി തനിക്ക് പല മാർഗങ്ങൾ സ്വീകരിക്കേണ്ടി വന്നു എന്നും നീഷം പറഞ്ഞു. ഈ രസകരമായ സംഭവം ആരാധകരോട് പങ്കുവെക്കാനാണ് നീഷം, താൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത്.