Breaking News;നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ പേസ് ബോളറും രഞ്ജി ട്രോഫി പരിശീലകനുമായ മനോജ് പ്രഭാകർ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ടു. നേപ്പാളിന്റെ ഇപ്പോഴത്തെ മുഖ്യ പരിശീലകൻ മുൻ ശ്രീലങ്കൻ താരം പുബുടൂ ദസ്സാനായകെ രാജിവെച്ച ഒഴിവിലാണ് നിയമനം.

1984 മുതൽ 1996 വരെ നീണ്ടുനിന്ന ഒരു കരിയർ ആയിരുന്നു മനോജ് പ്രഭാകറിന്റേത്. ഇന്ത്യക്കായി 39 ടെസ്റ്റ് മത്സരങ്ങളിലും 130 ഏകദിന മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 2.87 ഇക്കോണമി നിരക്കിൽ 96 വിക്കറ്റുകളും ഏകദിനത്തിൽ 4.27 ഇക്കോണമി നിരക്കിൽ 157 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 2000ത്തിൽ വെസ്റ്റിൻഡീസിനെതിരായ ഒരു മത്സര വാതുവെപ്പിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അദ്ദേഹത്തെ കളിയിൽ നിന്ന് വിലക്കുകയും ആറ് വർഷത്തിന് ശേഷം വിലക്ക് പിൻവലിക്കുകയും ചെയ്തു.

വിരമിച്ച ശേഷം പരിശീലന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഡൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ് ടീമുകളുടെ രഞ്ജി ട്രോഫി പരിശീലകൻ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ല്‍‌ രഞ്ജി ട്രോഫി കിരീടം നേടിയ ഡൽഹി ടീമിന്റെ ബോളിങ് പരിശീലകൻ ആയിരുന്നു. 2015ൽ അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായി ചുമതലയേറ്റു. 2016 ട്വന്റി ട്വന്റി ലോകകപ്പ് കഴിയുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. ആ ലോകകപ്പിലാണ്‌ കരുത്തരായ വെസ്റ്റിൻഡീസ് ടീമിനെ അഫ്ഗനിസ്ഥാൻ അട്ടിമറിച്ചത്.

നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയി ചുമതല ഏറ്റെടുക്കുമ്പോൾ അവരുടെ കളിയോടുള്ള ആഭിമുഖ്യവും അവരുടെ കൈവശമുള്ള കഴിവുകളും തന്നെ കൂടുതൽ ആകർഷിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. നേപ്പാൾ ടീമിനെ അന്താരാഷ്ട്ര തലത്തിൽ മാറ്റിനിർത്തപ്പെടാനാവാത്ത ഒരു നിർണായക ശക്തിയായി വളർത്തിക്കൊണ്ടുവരുന്നതാണ് തന്റെ ലക്ഷ്യമെന്നും മനോജ് പ്രഭാകർ കൂട്ടിച്ചേർത്തു.